ന്യൂഡൽഹി: കൊവിഡ് സാഹചര്യം മുൻനിര്‍ത്തി അതിഥി തൊഴിലാളികളോട്
ഒഴിഞ്ഞു പോകാൻ നിർദ്ദേശിക്കുന്ന കരാറുകാര്‍ക്കും തൊഴിലുടമകൾക്കുമെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ആഹാരവും ശമ്പളവും ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം.
ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ജോലിയും ആഹാരവും പോലും ഇല്ലാതാകുന്ന തൊഴിലാളികൾ എന്ത് വിലകൊടുത്തും സ്വന്തം നാട്ടിലേക്കെത്താൻ പരിശ്രമിക്കുന്ന സാഹചര്യത്തിനിടെയാണ് നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
കൊവിഡ് ഭീതിയും ലോക്ക് ഡൗണും വന്നതോടെ കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരുകൾക്ക് കേന്ദ്രം നൽകുന്നത്.