സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ നടപ്പിലാക്കി ഉത്തരവിറങ്ങി

0

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ നടപ്പിലാക്കി ഉത്തരവിറങ്ങി. പദ്ധതി ജൂലൈ ഒന്നു മുതൽ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വർഷം 4800 രൂപയും 18 ശതമാനം ജിഎസ്ടിയും നൽകണം. ജൂൺ മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും പ്രീമിയം തുക ഈടാക്കും.

ഓറിയന്റൽ ഇൻഷുറൻസിനാണ് കരാർ ലഭിച്ചിട്ടുള്ളത്. ആശുപത്രികളെ എംപാനൽ ചെയ്യുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രികളെ എം പാനൽ ചെയ്യുന്നത് മൂന്നുദിവസത്തിനകം പൂർത്തിയാകുമെന്ന് ധനവകുപ്പ് അറിയിച്ചു. തീരുമാനമായാൽ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറങ്ങും.

ചികിത്സാ പാക്കേജുമായി ബന്ധപ്പെട്ട് ചില ആശുപത്രികൾ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച് പദ്ധതിയിൽ ചേരാൻ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആശുപത്രികളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ധനവകുപ്പു സെക്രട്ടറിയും ആശുപത്രികളുമായി സംസാരിച്ചിരുന്നു. 24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്കു മാത്രമേ പരിരക്ഷ ലഭിക്കൂവെന്നാണ് വിവരം.

ഗുണഭോക്താക്കൾ

സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെയുള്ള അദ്ധ്യാപക – അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും നിർബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ / പെൻഷൻകാർ / കുടുംബ പെൻഷൻകാർ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളിലെ ചെയർമാന്മാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. വിരമിച്ച എംഎൽഎമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here