Monday, September 27, 2021

വിഷം ചേർത്ത് മദ്യം നൽകി;തെളിവായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുംഫോൺകോളുകളും;അച്ഛനെ കൊന്നു കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി

Must Read

അച്ഛനെ കൊന്നു കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. ശിക്ഷ ജില്ലാ ജഡ്ജി സി.എസ്. മോഹിത് ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2013 ഫെബ്രുവരി 23-നാണ് കേസിനാസ്പദമായ സംഭവം. ചുനക്കര കിഴക്കുംമുറി ലീലാലയം വീട്ടിൽ ശശിധരപ്പണിക്കരാ(54)ണ് കൊല്ലപ്പെട്ടത്. കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് വീട്ടിൽ റിയാസ് (37), സുഹൃത്ത് നൂറനാട് പഴഞ്ഞിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (38), കൊല്ലപ്പെട്ട ശശിധരപ്പണിക്കരുടെ മൂത്തമകൾ ശ്രീജ (36) എന്നിവരാണ് ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾ.

റിയാസും ശ്രീജയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇതിനിടെ റിയാസ് തൊഴിൽതേടി വിദേശത്തു പോയി. പിന്നീട് ശ്രീജ തന്നോടൊപ്പം ജോലിചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹംകഴിച്ചു. ഈ സമയത്തും ശ്രീജയും റിയാസും തമ്മിലുള്ള ബന്ധം തുടർന്നു.

ഇതേപ്പറ്റിയറിഞ്ഞ ശ്രീജിത്ത് വിവാഹമോചനം നേടി. ശ്രീജയും മകളും ശശിധരപ്പണിക്കർക്കൊപ്പം കുടുംബവീട്ടിൽ താമസമായി. റിയാസുമായുള്ള ശ്രീജയുടെ ബന്ധത്തെ ശശിധരപ്പണിക്കർ എതിർത്തു. അച്ഛനെ വകവരുത്താതെ തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്നു ബോധ്യംവന്ന ശ്രീജ, ശശിധരപ്പണിക്കരെ കൊലപ്പെടുത്താൻ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. ഒപ്പം ജോലിചെയ്തിരുന്ന രതീഷിന്റെ സഹായം റിയാസ് തേടി. ഒന്നരലക്ഷം രൂപ റിയാസ് രതീഷിനു വാഗ്ദാനംചെയ്തു.

വിദേശത്തുനിന്നു നാട്ടിലെത്തിയ രതീഷും റിയാസും 2013 ഫെബ്രുവരി 19-ന് ശശിധരപ്പണിക്കർക്ക് മദ്യത്തിൽ വിഷംനൽകി കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. 23-നു രാത്രി എട്ടിന് റിയാസും രതീഷും പണിക്കരെ പടനിലത്ത് കരിങ്ങാലിപ്പുഞ്ചയുടെ ഓരത്ത് വിജനമായ സ്ഥലത്തെത്തിച്ച് മദ്യത്തിൽ വിഷംകലർത്തി നൽകി. എന്നിട്ടും മരിക്കുന്നില്ലെന്നു കണ്ടപ്പോൾ കല്ലുകൊണ്ടു തലയ്ക്കടിച്ചും പിച്ചാത്തികൊണ്ടു കുത്തിയും കൊലപ്പെടുത്തി. പിന്നീട് മൃതദേഹം സമീപത്തെ കുളത്തിൽ തള്ളിയെന്നതാണു പ്രോസിക്യൂഷൻ കേസ്.

മൂന്നുദിവസം കഴിഞ്ഞ് ഫെബ്രുവരി 26-ന് മൃതശരീരം സമീപവാസികൾ പടനിലം-കുടശ്ശനാട് ബണ്ടുറോഡിനു സമീപം കരിങ്ങാലിൽച്ചാൽ പുഞ്ചയിലെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. നൂറനാട് പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തെങ്കിലും ശശിധരപ്പണിക്കരുടെ കുടുംബാംഗങ്ങൾ സംശയമില്ലെന്നാണ് അന്നു മൊഴിനൽകിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കൊലപാതകസൂചന നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. സോളമൻ ഹാജരായി.

തെളിവായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുംഫോൺകോളുകളും

മാവേലിക്കര: ആദ്യം സാധാരണ മരണമെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശശിധരപ്പണിക്കരുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ അസിസ്റ്റന്റ് ഫൊറൻസിക് സർജൻ ഡോ. ഉന്മേഷ്, തലയിലും തുടയിലും കാണപ്പെട്ട മുറിവുകൾ മൂർച്ചയുള്ള ആയുധം കൊണ്ടുള്ളതാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശശിധരപ്പണിക്കരുടെ ഫോണിലേക്കു വന്ന കോളുകൾ പരിശോധിച്ചതാണ് പ്രതികളിലേക്കെത്താൻ സഹായകരമായത്.

തിരുവല്ലയിൽ സെക്യൂരിറ്റിയായി ജോലിചെയ്തിരുന്ന ശശിധരപ്പണിക്കരെ റിയാസിന്റെ ഫോണിൽനിന്നു വിളിച്ച് ഗൾഫിൽ ജോലിശരിയാക്കാമെന്നു വാഗ്ദാനംനൽകി. റിയാസ് ശ്രീജയെയും രതീഷിനെയും നിരന്തരം വിളിച്ചതു കണ്ടെത്തിയ പോലീസ് ഒരുമാസത്തിനുശേഷം രതീഷിനെ കസ്റ്റഡിയിലെടുത്തു. അന്നു വൈകീട്ടുതന്നെ ശ്രീജയെയും അറസ്റ്റുചെയ്തു. കൊലപാതകത്തിനുശേഷം റിയാസ് സിം കാർഡ് ശ്രീജയുടെ കൈവശം നൽകി.

മറ്റൊരു ഫോണിൽ ശ്രീജ ഈ സിം ഉപയോഗിച്ചു. കൊലപാതകത്തിനു പിന്നാലെ അബുദാബിയിലേക്കു പോയ റിയാസിനെ ഇന്ത്യൻ എംബസി മുഖേന നാട്ടിലെത്തിക്കുകയായിരുന്നു. സംഭവദിവസവും തലേന്നും രാത്രി റിയാസ്, രതീഷ്, ശശിശധരപ്പണിക്കർ എന്നിവരുടെ ഫോണിന്റെ ലൊക്കേഷൻ കുടശ്ശനാട് ടവർ പരിധിയിലുണ്ടായിരുന്നതും കേസിൽ തെളിവായി.

മദ്യംവാങ്ങി തോർത്തിൽ പൊതിഞ്ഞുകൊണ്ടുപോയ രതീഷിനെ മദ്യശാലയിലെ ആൾ തിരിച്ചറിഞ്ഞത് കേസിലെ പ്രധാന മൊഴിയായി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കല്ലും അടുത്തുതന്നെ മറ്റൊരു കുളത്തിൽനിന്നു കണ്ടെത്തി. തോർത്ത് കട്ടച്ചിറയിൽ കലുങ്കിനടിയിൽനിന്ന് പിന്നീടു കിട്ടി.

ആദ്യദിവസം മൂന്നുപേരും കരിങ്ങാലിപ്പുഞ്ചയുടെ തീരത്ത് പടനിലം ഭാഗത്തിരുന്നു മദ്യപിച്ചു മടങ്ങി.

തൊട്ടടുത്ത ദിവസമാണ്‌ വിഷംകലർത്തിയ മദ്യം നൽകിയത്. ശശിധരപ്പണിക്കർ ഛർദിച്ചതിനെത്തുടർന്ന്‌ മരിക്കില്ലെന്നു സംശയിച്ച്‌ കല്ലെടുത്തു തലയിലിടിച്ചു.

രതീഷ് കൈവശം കരുതിയിരുന്ന കത്തിയുപയോഗിച്ചു തുടയിൽ വെട്ടി. മദ്യം പൊതിഞ്ഞുകൊണ്ടുവന്ന തോർത്തുപയോഗിച്ചു ശശിധരപ്പണിക്കരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സമീപത്തെ കുളത്തിൽ തള്ളി.മാവേലിക്കര ഇൻസ്പെക്ടറായിരുന്ന കെ.ജെ. ജോൺസൺ, നൂറനാട് എസ്.ഐ. ആയിരുന്ന ആർ. ഫയസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News