മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ

0

മിഥുൻ പുല്ലുവഴി

ഒരു കിലോമീറ്ററിന് ഒരു രൂപ ചെലവ്, സർക്കാരിന് കോടികളുടെ ലാഭം. ഇലക്ട്രിക് വാഹനങ്ങൾ വാടകക്ക് എടുക്കാൻ സർക്കാർ പറഞ്ഞ ന്യായം ആണ് ഇത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് വാടകക്ക് എടുത്തത് അന്യായ നിരക്കിലാണെന്ന് കണക്കുകൾ.

ഇലക്ട്രിക് കാറുകൾ വാടകക്കെടുക്കുന്നതിന് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ ഇടനിലക്കാരായതോടെ മോട്ടർ വാഹനവകുപ്പിനു സാമ്പത്തികമായി കൈ പൊള്ളും. വിലയ്ക്കു വാങ്ങിയാൽ വിപണിയിൽ 17 ലക്ഷം രൂപയാകുന്ന 65 ടാറ്റ നെക്സോൺ കാറുകളാണ് അതിന്റെ ഇരട്ടിയിലധികം രൂപ വാടക കൊടുത്ത് എട്ടു വർഷത്തേക്കു മോട്ടർ വാഹന വകുപ്പ് വാടകയ്ക്കെടുത്തത്. 65 കാറുകൾ വാടകയ്ക്കെത്ത വകയിൽ സംസ്ഥാന ഊർജവകുപ്പിനു കീഴിലുള്ള അനർട്ടിന് എട്ടുവർഷത്തേക്കു നൽകേണ്ട വാടക 31.22 കോടി രൂപയാണ്. അനർട്ടിനു കാർ നൽകുന്നതു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത കമ്പനിയായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡാ(ഇഇഎസ്എൽ)ഡാണ്. ഇടയിൽ നിൽക്കുന്നതു രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കിലും ഇവർക്കുള്ള ലാഭമെടുക്കുന്നതു മോട്ടർ വാഹന വകുപ്പ് (എംവിഡി) നൽകുന്ന തുകയിൽനിന്നാണ്. ഇതോടെയാണു വാടകനിരക്കു കുതിച്ചു കയറിയത്. ഇലക്ട്രോണിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സബ്സിഡിയും ആനുകൂല്യങ്ങളും വാരിക്കോരി നൽകുമ്പോഴാണ്, സർക്കാർ വകുപ്പിനു വൻ വാടകയ്ക്കു കാറുകൾ നൽകിയിരിക്കുന്നത്.
സർക്കാർ വകുപ്പുകളിൽ ഇലക്ട്രിക് കാറുകൾ വാടകക്കെടുക്കാൻ അനർട്ടിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2020 മാർച്ചിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംവിഡി 65 ടാറ്റ നെക്സോൺ കാറും ഒരു ഹ്യൂണ്ടായ് കോന കാറും വാടകക്കെടുത്തത്. കേന്ദ്രം വഴി വാങ്ങിയാൽ 1000 കാറിന് ഏഴരക്കോടി രൂപ ലാഭിക്കാമെന്നു ധനകാര്യവകുപ്പിന്റെ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ ഇടയിൽ ആളു കൂടിയതോടെ ലാഭത്തിനുപകരം നഷ്ടക്കച്ചവടമായി. നെക്സോണിന്റെ വിപണി വില 17 ലക്ഷം രൂപയാണ്. 65 കാറിനു ചെലവുവരിക 11.05 കോടി രൂപ. എന്നാൽ ടാറ്റയിൽനിന്ന് ഇഇഎസ്എൽ വാങ്ങി അനർട്ട് വഴി എംവിഡിക്കു നൽകിയപ്പോൾ എട്ടു വർഷത്തേക്കുള്ള വാടക മാത്രം 31.22 കോടി രൂപയായി. എട്ടുവർഷത്തെ ഇൻഷുറൻസും മൂന്നു വർഷത്തെ വാറന്റി കഴിഞ്ഞ് എട്ടുവർഷം വരെയുള്ള പ്രധാന അറ്റകുറ്റപ്പണിയും അനർട്ട് വഹിക്കും. ചാർജിങ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സൗകര്യമൊരുക്കിയത് എംവിഡിയാണ്.
നെക്സോൺ കാറിന് ആദ്യ വർഷം പ്രതിമാസം 35000 രൂപയാണു വാടക. ഓരോ വർഷവും മുൻവർഷത്തെക്കാൾ 10 ശതമാനം വാടക വർധിക്കും. എട്ടാംവർഷം നൽകേണ്ടിവരുന്ന മാസവാടക 68205 രൂപയാണ്. രജിസ്ട്രേഷൻ അനർട്ടിന്റെയും ഹൈപ്പോത്തിക്കേഷൻ ഇഇഎസ്എലിന്റെയും പേരിലാണ്. എട്ടുവർഷത്തിനുശേഷം ആവശ്യമെങ്കിൽ നിശ്ചിത തുക നൽകി കാറുകൾ എംവിഡിക്കു സ്വന്തമാക്കാം. എന്നാൽ ഇഇഎസഎലിന്റെ സമ്മതം വേണ്ടിവരും. രണ്ടു മാസത്തെ വാടക മുടങ്ങിയാൽ കാർ പിടിച്ചെടുക്കുമെന്നും, നാലു വർഷത്തിനകം എംവിഡി കരാറിൽനിന്നു പിൻവാങ്ങിയാൽ എട്ടുവർഷത്തെ വാടക അടച്ചുതീർക്കണമെന്നും അനർട്ട് എംവിഡിയുമായുണ്ടാക്കിയ കരാറിൽ വ്യവസ്ഥയുണ്ട്. ഇത്രയും കാറുകൾ കൈവശമുള്ളതായി കഴിഞ്ഞവർഷം ഇഇഎസ്എൽ ഓഡിറ്റിനു വിധേയമാക്കിയ ആസ്തി,ബാധ്യതാ രേഖയിലില്ല. ഇഇഎസ്എലിനും നിർമാണക്കമ്പനിക്കും ഇടയിൽ സ്വകാര്യ ഏജൻസിയുണ്ടെന്നാണു വിവരം. ഇങ്ങനെ പല കൈമറിഞ്ഞെത്തുന്നതിന്റെ നഷ്ടം ഈ കാറുകൾ വാടകയ്ക്കെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾക്കാണ്. മോട്ടർ വാഹനവകുപ്പ് വാങ്ങിയതുൾപ്പെടെ അനർട്ട് വഴി ഏതാണ് 130 കാറുകൾ വിവിധ വകുപ്പുകൾ വാടകക്കെടുത്തു കഴിഞ്ഞു.
എന്നാൽ ഇത്ര വലിയ വാടകയ്ക്കു കാറുകൾ എടുത്തിട്ടും അതൊരു നഷ്ടമല്ലെന്നാണു മോട്ടർ വാഹനവകുപ്പിന്റെ വിശദീകരണം. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും ചെയ്യുന്നതുപോലെയേ തങ്ങളും ചെയ്തിട്ടുള്ളൂ. കേന്ദ്രസർക്കാരുമായാണു നിർമാണക്കമ്പനി കരാർ വച്ചിട്ടുള്ളത്. സംസ്ഥാനവുമായി കരാറില്ല. അതുകൊണ്ട് സംസ്ഥാനത്തിനു കേന്ദ്രം വഴിയേ വാങ്ങാനാകൂ. വാഹനത്തിന്റെ പരിപാലനം കണക്കിലെടുക്കുമ്പോൾ ഇപ്പോഴത്തെ തുക അധികമല്ലെന്നു വകുപ്പ് അധികൃതർ വിശദീകരിക്കുന്നു.

ഒരു നെക്സോൺ കാറിന്റെ വാടക ഇങ്ങനെ:
∙ ആദ്യവർഷം– 420000
∙ രണ്ടാം വർഷം– 462000
∙ മൂന്നാം വർഷം– 508200
∙ നാലാം വർഷം– 559020
∙ അഞ്ചാം വർഷം– 614916
∙ ആറാം വർഷം– 676404
∙ ഏഴാം വർഷം– 744048
∙ എട്ടാം വർഷം– 818460
ഇങ്ങനെ 65 കാറുകൾക്കാണ് ഈ നിരക്കിൽ എട്ടു വർഷത്തേക്കു വാടക നൽകുന്നത്.

Leave a Reply