മരയ്ക്കാറും ജയ് ഭീമും ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്ന് പുറത്ത്; ഇടം നേടിയ സിനിമകൾ ഇവയാണ്..

0

ഓസ്കാർ നോമിനേഷൻ പട്ടികയിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയിൽ ഇടം പിടിച്ചിരുന്നു. ജനുവരി 21നാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ 94-ാമത് അക്കാദമി ഓസ്‌കാർ അവാർഡിനുള്ള മത്സര പട്ടിക പുറത്തുവിട്ടത്. എന്നാൽ ഇന്നലെ വൈകുന്നേരം അവാർഡുകൾക്കുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ഇരുചിത്രങ്ങളും പുറത്താവുകയായിരുന്നു.

276 ചിത്രങ്ങൾക്കൊപ്പമാണ് മരക്കാറും ജയ് ഭീമും ഇടം നേടിയത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് മരക്കാർ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത മരക്കാര്‍ ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

സൂര്യ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജയ് ഭീം. നവംബർ 2 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം.

ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോർദ്ദാനും ട്രേസി എല്ലിസ് റോസും ചേർന്നാണ് ഓസ്‌കാർ നോമിനേഷൻസ് പ്രഖ്യാപിച്ചത്. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ ഡോക്യുമെന്‍ററി ‘റൈറ്റിംഗ് വിത്ത്‌ ഫയർ’ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളിയായ റിന്റു തോമസും ഭർത്താവ് സുഷ്മിത് ഘോഷും സംവിധാനം ചെയ്തതാണ് ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ഡോക്യുമെന്റി. ഓസ്‌കാർ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽനിന്ന് 15 ചിത്രങ്ങളിൽ നിന്ന് നോമിനേഷനിലേക്ക് തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളിൽ ഒന്നാണ് റൈറ്റിങ് വിത്ത് ഫയർ. ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചർ വിഭാഗത്തിലേക്കാണ് ഈ ഡോക്യുമെന്ററി തെരഞ്ഞെടുത്തത്.

ഭൂട്ടാൻ ചിത്രമായ ‘ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം’ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മെയർ അലയ്, ദി പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നീ സിനിമകളാണ് മികച്ച സിനിമയ്ക്കായുള്ള നോമിനേഷനിലുള്ളത്. പോൾ തോമസ് ആൻഡേഴ്സൺ, കെന്നത്ത് ബ്രനാഗ്, ജെയ്ൻ കാമ്പ്യൻ, സ്റ്റീവൻ സ്പിൽബർഗ് എന്നിവർ മികച്ച സംവിധായകനായുള്ള നോമിനേഷനിലുണ്ട്.

ഹാവിയർ ബാർഡെം, ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത്, ഡെൻസൽ വാഷിംഗ്ടൺ എന്നിവർ മികച്ച നടനായുള്ള നോമിനേഷനിലും ജെസീക്ക ചാസ്റ്റെയ്ൻ, ഒലിവിയ കോൾമാൻ, പെനലോപ്പ് ക്രൂസ്, നിക്കോൾ കിഡ്മാൻ, ക്രിസ്റ്റൻ സ്റ്റുവർട്ട് എന്നിവർ മികച്ച നടിക്കായുള്ളന നോമിനേഷനിലും ഇടം പിടിച്ചിട്ടുണ്ട്. വിജയികളെ ഈ വരുന്ന മാർച്ച് 27ന് ലോസാഞ്ചലസിലെ ഡോൾബി തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽവെച്ച് പ്രഖ്യാപിക്കും.

Leave a Reply