പുരാതന ജൂലിയന്‍ കലണ്ടര്‍ പ്രകാരം ക്രൈസ്‌തവ വിശേഷദിനങ്ങള്‍ ആചരിക്കുന്ന പുരാതന പൗര്യസ്‌ത്യ സഭയുടെ ആഗോള പാത്രിയാര്‍ക്കിസ്‌ പരിശുദ്ധ മാറാന്‍ മാര്‍ അദ്ദായ്‌ ഗീവര്‍ഗീസ്‌ രണ്ടാമന്‍ കബറടങ്ങി

0

അരിസോണ (അമേരിക്ക): പുരാതന ജൂലിയന്‍ കലണ്ടര്‍ പ്രകാരം ക്രൈസ്‌തവ വിശേഷദിനങ്ങള്‍ ആചരിക്കുന്ന പുരാതന പൗര്യസ്‌ത്യ സഭയുടെ ആഗോള പാത്രിയാര്‍ക്കിസ്‌ പരിശുദ്ധ മാറാന്‍ മാര്‍ അദ്ദായ്‌ ഗീവര്‍ഗീസ്‌ രണ്ടാമന്‍ കബറടങ്ങി.
മാര്‍ത്തോമ ഗീവര്‍ഗിസ്‌ മെത്രാപ്പോലിത്ത(നിനവേ) പ്രധാന കാര്‍മികത്വം വഹിച്ചു. മാര്‍ നര്‍സെയ്‌ തോമ മെത്രാപ്പോലിത്ത (കിര്‍ക്കുര്‍ക്ക്‌), മാര്‍ തിമൊഥെയോസ്‌ ശല്ലിത്ത മെത്രാപ്പോലിത്ത (യൂറോപ്പ്‌), മാര്‍ ഇമ്മാനുവേല്‍ എലിയാ എപ്പിസ്‌കോപ്പ(ഷിക്കാഗോ), മാര്‍ ദാനിയേല്‍ തിമൊഥെയോസ്‌ എപ്പിസ്‌കോപ്പ (കാലിഫോര്‍ണിയ), മാര്‍ യാക്കോബ്‌ ദാനിയേല്‍ എപ്പിസ്‌കോപ്പ (ന്യൂസിലന്‍ഡ്‌), മാര്‍ ശിമോന്‍ എപ്പിസ്‌കോപ്പ (ഇറാഖ്‌) എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിവിധ ക്രൈസ്‌തവ സഭാമേലധ്യക്ഷന്മാര്‍ അനുശോചനം രേഖപ്പെടുത്തി.
അസിറിയന്‍ പൗര്യസ്‌ത്യ സഭയുടെ പാത്രിയര്‍ക്കിസ്‌ മാറാന്‍ മാര്‍ ആവെ മൂന്നാമന്‍ പാത്രിയാര്‍ക്കിസിന്റെ പ്രതിനിധികളായി എപ്പിസ്‌കോപ്പമാരായ മാര്‍ അപ്രേം കാമിസ്‌, മാര്‍ പൗലോസ്‌ ബഞ്ചിമിന്‍, മാര്‍ അഥനിയേല്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു. മാര്‍ അപ്രേം കാമിസ്‌ അനുശോചന സന്ദേശം വായിച്ചു.
വിശുദ്ധ കുര്‍ബാനയോടെ ഖബറടക്ക ശുശ്രുഷകള്‍ തുടങ്ങിയത്‌. വിശുദ്ധ കുര്‍ബാന മധ്യേ ഭൗതിക ശരീരം വിശുദ്ധ മദ്‌ബഹായ്‌ക്ക്‌ അഭിമുഖമായി കിടത്തി വിടചൊല്ലല്‍ ശുശ്രൂഷകള്‍ നടത്തി. മാറാന്‍ മാര്‍ തോമ ധര്‍മോ പാത്രിയാര്‍ക്കിസിന്റെ പിന്‍ഗാമിയായിരുന്നു മാറാന്‍ മാര്‍ അദ്ദായ്‌ രണ്ടാമന്‍ പാത്രിയാര്‍ക്കിസ്‌. വര്‍ധക്യസഹജമായ രോഗത്താല്‍ അദ്ദേഹം യു.എസിലെ അരിസോണയില്‍ ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയുടെ ആഗോള തലവനായിരുന്നു.
1948 ജനുവരി ആറിന്‌ ഇറാഖിലെ മൊസൂളിലാണ്‌ ജനിച്ചത്‌. 1972 ഫെബ്രുവരി 20 കാതോലിക്കോസ്‌ പാത്രിയാര്‍ക്കിസായി സ്‌ഥാനമേറ്റു. ബാഗ്‌ദാദിലെ ബസ്രയാണ്‌ ആസ്‌ഥാനം. 1995 നവംബര്‍ 15 വരെ ഇന്ത്യയിലെ പൗരസ്‌ത്യ കല്‍ദായ സുറിയാനി സഭയുടെ പാത്രിയാര്‍ക്കിസായിരുന്നു മാറാന്‍ മാര്‍ അദ്ദായ്‌ രണ്ടാമന്‍.

Leave a Reply