വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനായ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു

0

വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനായ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവം മാന്തി പള്ളിക്ക് സമീപം ഒറ്റക്ക് താമസിച്ചിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രൻ മകൻ രജീഷി(40) നെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28ന് രാവിലെ സരസമ്മ ഒറ്റക്ക് താമസിച്ചിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന സമയം സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വാഭാവിക മരണം അല്ലെന്നും കൊലപാതകം ആണെന്നുമുള്ള പ്രാഥമിക നിഗമനത്തിലെത്തുന്നത്.

പ്രാഥമിക അന്വേഷണ ഭാഗമായി ഡോഗ് സ്ക്വാഡും സയന്റിഫിക് എക്സ്പർടും സരസമ്മ താമസിച്ച വീട്ടിലും വീണു കിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തിയെങ്കിലും കൊലപാതകം നടത്തിയ ആളിലേക്ക് എത്താൻ ഉതകുന്ന യാതൊരു സാഹചര്യ തെളിവുകളും ലഭിച്ചില്ല. ഇതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്. ഐ പി. എസിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി വൈ എസ് പി. ആർ ജോസ്, നർക്കോട്ടിക് സെൽ ഡി വൈ എസ് പി. എം. കെ ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ജില്ലാ പൊലീസ് മേധാവിയും ചെങ്ങന്നൂർ ഡി വൈ എസ് പി. യും അന്വേഷണ സംഘവും സംഭവം നടന്ന വീട്ടിലും മരിച്ചുകിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തി. സരസമ്മ ഒറ്റക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ ഉൾഭാഗവും പരിസരവും നിരീക്ഷിച്ചതിൽ നിന്നും ഭൂമി ശാസ്ത്രപരമായ കിടപ്പനുസരിച്ച് ഈ കൊലപാതകം പുറമെ നിന്നുള്ള ഒരാൾ അല്ല ചെയ്തത് എന്നും പ്രദേശ വാസികളിൽ ആരോ ആണ് ചെയ്തിരിക്കുന്നത് എന്ന നിഗമനത്തിൽ എത്തി. യാതൊരു തെളിവുകളും ഇല്ലാതിരുന്ന സാഹചര്യത്തിൽ അന്വേഷണ സംഘത്തിനെ പല ടീമുകൾ ആയി തിരിച്ച് സരാസമ്മയുടെ ബന്ധുക്കൾ, പ്രദേശത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ, ജൂവലറികൾ, സ്വർണ പണയ സ്ഥാപനങ്ങൾ, പ്രദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾ, പ്രദേശവാസികളായ കുറ്റ കൃത്യങ്ങൾ ചെയ്തവർ, സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ ആയവർ, സരസമ്മയുമായി അടുപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ അല്ലാത്ത പൊതു ജനങ്ങൾ എന്നിവരിലേക്കടക്കം പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു.

സംശയമുള്ള പലരെയും ചോദ്യം ചെയ്തു. സരസമ്മയൂടെ ബന്ധുവും അടുത്തുള്ള താമസക്കാരനും ആയ രതീഷ് എന്ന ആളെ പറ്റിയും അന്വേഷണ സംഘത്തിന് ചെറിയ സൂചന ലഭിച്ചിരുന്നു. ചെന്നിത്തല കല്ലുമ്മൂട് കൊച്ചു തേക്കേതിൽ ജൂവലറിയിൽ എത്തിയ അന്വേഷണ സംഘത്തിൽ പെട്ട ടീമിന് ഈ ജൂവലറിയിൽ കമ്മൽ വിൽക്കാൻ രണ്ടു പേർ ചെന്നതായി വിവരം ലഭിച്ചു. ഒരാൾ പുറത്ത് നിൽക്കുകയും മറ്റെ ആൾ അകത്ത് കയറി കമ്മൽ വിൽക്കുകയുമായിരുന്നുവെന്ന് ജ്വല്ലറി ഉടമ പറഞ്ഞത് അനുസരിച്ച് ഈ കടയിലെ സിസിടിവി പരിശോധിച്ച് കമ്മൽ വിൽക്കാൻ എത്തിയ ആളുകളെ തിരിച്ചറിഞ്ഞു.

ഇവരെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്നു ചോദ്യം ചെയ്തതിൽ സരസമ്മയുടെ ബന്ധുവായ രജീഷ് സുഹൃത്തായ ജയരാജനെ കൊണ്ട് കമ്മൽ വിൽപ്പന നടത്തുകയായിരുന്നു. തന്റെ അമ്മയുടെ കമ്മൽ ആണ് എന്ന് ജയരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ജ്വല്ലറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അത് വിറ്റ് തരാൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ ജ്വല്ലറിയിൽ എത്തിയത് എന്നും, മറ്റു കാര്യങ്ങൽ ഒന്നും തനിക്ക് അറിയില്ലെന്നും ജയരാജൻ പൊലീസിന് മൊഴി നൽകി. ശേഷം രജീഷിനെ നിരന്തരമായി ചോദ്യം ചെയ്തതിനെ തുടർന്ന് രജീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.

വിവാഹിതനായ രജീഷ് അമ്മയോടൊപ്പമാണ് താമസം. നഴ്സായ ഭാര്യ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട്, സാരസമ്മയുടെ സഹോദരന്റെ വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. 28 ന് വെളുപ്പിന് ഒരു മണിയോടെ സരമ്മയുടെ സഹോദരന്റെ വീടിന്റെ പുറകുവശത്ത് എത്തിയ രതീഷിനെ വീടിന് പുറത്തിറങ്ങിയ സരസമ്മ കാണുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. സരസമ്മയുടെ ശബ്ദം കേട്ട് മറ്റുള്ളവർ ഇറങ്ങി വരാതിരിക്കാൻ അവരുടെ വായ് പൊത്തി പിടിച്ചതിനെ തുടർന്ന് സരസമ്മ മരിച്ചു. മരണം ഉറപ്പിക്കാനായി കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി.

ശേഷം സരസമ്മയുടെ കാതിൽ ഉണ്ടായിരുന്ന കമ്മൽ ഇയാൾ വലിച്ചൂരി എടുത്തു. പിന്നീട് സരസമ്മ സ്ഥിരമായി വെള്ളം കോരുന്ന കിണറ്റിൽ യാദൃശ്ചികമായി വീണതാണെന്ന് തോന്നിപ്പിക്കാൻ സരസമ്മയെ എടുത്ത് കിണറ്റിലിട്ടു. സരസമ്മയുടെ കാതിൽ കിടന്ന കമ്മലാണ് രജീഷ് വിൽക്കാൻ ശ്രമിച്ചത്. രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയിൽ ഒളിപ്പിച്ച് വച്ചിരുന്ന സരസമ്മയുടെ കമ്മലും, കഴുത്ത് വലിച്ചു മുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു

Leave a Reply