വിഷു ദിനത്തിൽ ആലുവ ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാർ വിളമ്പിയത് മണ്ണ് സദ്യ; വൈക്കത്ത് നിരാഹാര സമരവും വിവിധയിടങ്ങളിൽ പട്ടിണി കഞ്ഞിയും; മാർച്ച് മാസത്തെ ശമ്പളം കിട്ടാത്തതിൽ വ്യാപക പ്രതിഷേധവുമായി ബിഎംഎസ്

0

കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ 15 വിഷു ആയിട്ടും മാർച്ച്‌ മാസത്തെ ശമ്പളം നൽകാത്ത പിണറായി വിജയൻ സർക്കാരിനെതിരെ വിവിധ ഡിപ്പോകളിൽ ബിഎംഎസ് പ്രതിഷേധം. കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ മണ്ണ് സദ്യ വിളമ്പിയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചത്.

വൈക്കം ഡിപ്പോയിലും പ്രതിഷേധം ശക്തമായി. വിഷുദിനത്തിൽ കെഎസ്ആർടിസി ജീവനക്കാർ നിരാഹാര സമരം നടത്തിയാണ് പ്രതിഷേധം അറിയിച്ചത്. കൂടാതെ വിവിധ ഡിപ്പോകളിലും പട്ടിണി കഞ്ഞി വെച്ചും ജീവനക്കാർ പ്രതിഷേധിച്ചു.

അതേസമയം എല്ലാ മലയാളികൾക്കും വിഷു. കെഎസ്ആർടിസി തൊഴിലാളികൾക്ക് ഇത് ദുഖവെള്ളി. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും കയ്യിൽ കിട്ടാത്തതിനാൽ വീട്ടിലെ കുരുന്നുകൾക്ക് കൈനീട്ടം കൊടുക്കാൻ പോലും കയ്യിലൊരു നയാപൈസയില്ലാതെ നട്ടംതിരിയുകയാണ് കെഎസ്ആർടിസിയിലെ 26,000ത്തോളം ജീവനക്കാർ. വകുപ്പ് മന്ത്രിയും കോർപ്പറേഷൻ സിഎംഡിയും ഭരണക്കാരും അവരുടെ പാർട്ടിക്കാരും സ്വർണത്തളികയിൽ വെച്ച പൊൻകണി കാണുമ്പോൾ കെഎസ്ആർടിസി തൊഴിലാളികളുടെ കണ്ണുനീരാകും അവരുടെ വീട്ടിലെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമുള്ള ഇക്കൊല്ലത്തെ വിഷുക്കണി.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഉത്സവ ദിനത്തിൽ പോലും കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്ത സാഹചര്യം ഉണ്ടാകുന്നത്. 1957ന് ശേഷം ഇടത് സർക്കാരുകൾ അധികാരത്തിൽ ഇരുന്നിട്ടുള്ള എല്ലാ കാലത്തും ഉത്സവ വേളകളിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങാതെ സർക്കാർ ശ്രദ്ധിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ അതിനും ഇപ്പോൾ അപവാദമാകുകയാണ്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനായി 30 കോടി രൂപ അനുവദിച്ചെന്ന് സംസ്ഥാന സർക്കാർ പറയുമ്പോഴും ആ പണം ഇതുവരെയും അക്കൗണ്ടിലെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നാളെയും ഇവർക്ക് മാർച്ച് മാസത്തെ ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. വീട്ടിലെ നിത്യച്ചിലവിന് മുതൽ ലോണും കറണ്ട് ചാർജ്ജും ചികിത്സാ ചിലവുകളും ഉൾപ്പെടെ എല്ലാം മുടങ്ങിയ അവസ്ഥയിലാണ്. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് ഉറപ്പു പറഞ്ഞ ​ഗതാ​ഗത വകുപ്പ് മന്ത്രി ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.

ഇന്ധന വിലയിൽ ഉണ്ടായ വർധനവാണ് കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് ​സംസ്ഥാന സർക്കാർ പറയുന്നത്. വരുമാനത്തിന്റെ 75 ശതമാനവും ഡീസലിനായി മാറ്റിവെക്കേണ്ടി വരുന്നു എന്നാണ് ​ഗതാ​ഗത മന്ത്രിയുടെ വാദം. എന്നാൽ, ഇന്ധനവില വർധനവ് മാത്രമല്ല, കെഎസ്ആർടിസിയെ സംരക്ഷിക്കാനെന്ന് പറഞ്ഞ് കാലാകാലങ്ങളിൽ കോർപ്പറേഷനിൽ നടപ്പാക്കിയ ഉട്ടോപ്യൻ പരിഷ്കാരങ്ങളാണ് കെഎസ്ആർടിസിയിലെ ഇപ്പോഴത്തെ ദുർ​ഗതിക്ക് കാരണമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പണം പലിശക്കെടുത്ത് മുടിയുകയാണ് കോർപ്പറേഷൻ. പലിശ കൊടുക്കാൻ വീണ്ടും പണം കടം വാങ്ങുന്നു. കെഎസ്ആർടിസിയെ സർക്കാർ വകുപ്പായി മാറ്റുകയാണ് പൊതു​ഗതാ​ഗത സംവിധാനത്തെ സംരക്ഷിക്കാൻ ഏക മാർ​ഗം. പക്ഷേ ഇപ്പോൾ മറ്റൊരു കമ്പനി കൂടി രൂപീകരിച്ച് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ് ഇടത് സർക്കാരും കെഎസ്ആർടിസി മാനേജ്മെന്റും.

കടംവാങ്ങിയ വാങ്ങിയാണ് കെഎസ്ആർടിസി മുടിഞ്ഞതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മുൻ കാലങ്ങളിൽ അനുവദിച്ച പണത്തിൽ കൂടുതലും പെൻഷൻ വിതരണത്തിനും അതിന്റെ പലിശക്കും വേണ്ടി വിനിയോഗിക്കുകയാണ് ചെയ്യുന്നത്.. ഇതുകൊണ്ട് തന്നെ മിച്ചമുള്ള തുച്ഛമായ പണമാണ് ഒരു സാമ്പത്തിക വർഷത്തിലേക്കായി കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവെന്ന നിലയിൽ ലഭിക്കുന്നത്. അതോടൊപ്പം കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല എന്നതിന്റെ പേരു പറഞ്ഞാണ് സ്ഥാപനത്തെ വെട്ടി മുറിച്ച് സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിരിക്കുന്നതിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ ഇത് കെടിഡിഎഫ്സി രൂപീകരിച്ചത് പോലെ കെഎസ്ആർടിസിയെ വിഴുങ്ങുകയാകും ചെയ്യുകയെന്നും ജീവനക്കാർ പറയുന്നു. വായ്പയെടുത്ത് ബസ്സു വാങ്ങി മുടിയാൻ ഇനിയും അവസരമൊരുക്കാതെ, ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ സർക്കാർ നേരിട്ട് ബസ്സ് വാങ്ങി നൽകാൻ തയ്യാറാകണമെന്ന നിർദ്ദേശവും ഉയർന്നിരുന്നു.

കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കുകയോ ജീവനക്കാരുടെ പെൻഷനും ശമ്പളവും സർക്കാർ ഏറ്റെടുക്കുകയോ മാത്രമാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മാർ​ഗമെന്നും ജീവനക്കാർ പറയുന്നു. തങ്ങൾ ഓടുപൊളിച്ച് ജോലിക്കെത്തിയവരല്ല. അർഹമായ വിദ്യാഭ്യാസ യോ​ഗ്യതയും അതിലേറുമുള്ളവരാണ് കെഎസ്ആർടിസിയിലെ ജീവനക്കാർ. പ്ലസ്ടു വിദ്യാഭ്യാസ യോ​ഗ്യത വേണ്ട ജോലിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കഴിഞ്ഞവരുമുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പി എസ് സി പരീ​ക്ഷ എഴുതി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതാണ് തങ്ങളുടെ ​ഗതികേട്. ഏറെ ശാരീരിക – മാനസിക സമ്മർദ്ദമുള്ള ജോലി ആയതിനാൽ കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയ ശേഷം പഠിച്ച് മറ്റ് പരീക്ഷകൾ എഴുതാനും കഴിയുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

ശമ്പളം നൽകാൻ പണമില്ലെന്ന് പറഞ്ഞൊഴിയുകയാണ് കെഎസ്ആർടിസി മാനേജ്മെന്റ്. ശമ്പളവും പെൻഷനും വേണ്ടി 75 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാരും കൈമലർത്തി ഫയൽ മടക്കി. കഴിഞ്ഞ മാസം ശമ്പളത്തിനായി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും 50 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്തിരുന്നു. അത് തിരിച്ചടക്കാതെ ബാങ്കുകളും സഹായിക്കില്ല. സർക്കാരും മാനേജ്മെന്റും കയ്യൊഴിഞ്ഞ തങ്ങൾ ഇനിയെന്ത് ചെയ്യണമെന്ന ചോദ്യമാണ് തൊഴിലാളികൾ ഉയർത്തുന്നത്.

Leave a Reply