മഞ്ചേരി: പിഴയടക്കാനെത്തിയവരോട് മഞ്ചേരി ട്രാഫിക് യൂനിറ്റിലെ പൊലീസുകാരൻ താടിയും മുടിയും വടിക്കാൻ പറഞ്ഞതായി പരാതി. തൃപ്പനച്ചി പാലോട്ടിൽ സ്വദേശി ടി.കെ. മുഹമ്മദലിയും കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ സ്വദേശി എൻ.സി. മുഹമ്മദ് ഷരീഫുമാണ് മഞ്ചേരി ട്രാഫിക് എസ്.ഐക്ക് പരാതി നൽകിയത്. ഞായറാഴ്ച ഉച്ച 12.30നാണ് സംഭവം.
വാഹനം പിടിച്ചതിനെ തുടർന്ന് പിഴയടക്കാനെത്തിയതായിരുന്നു ഇരുവരും. വാഹന ഉടമ 1000 രൂപ പിഴയായി നൽകിയെങ്കിലും കൂടെയുള്ള സുഹൃത്തിെൻറ താടിയും മുടിയും വടിച്ച് വരാൻ പറഞ്ഞ് മടക്കിയയച്ചതായാണ് പരാതി. ഉച്ച 1.30ന് വീണ്ടും സ്റ്റേഷനിലെത്തി പണം നൽകാൻ തയാറായെങ്കിലും എസ്.ഐ ഇല്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. വൈകീട്ട് 4.30ന് വീണ്ടും എത്തിയപ്പോൾ മഞ്ചേരി ടൗണിൽ പരിശോധന നടത്തുന്ന എസ്.ഐയെ സമീപിച്ച് പിഴ അടക്കാൻ ആവശ്യപ്പെട്ടു. പിഴയടച്ചശേഷം എസ്.ഐയെ സമീപിച്ച് സ്റ്റേഷനിൽനിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു. സ്റ്റേഷനിൽ എത്തി രേഖാമൂലം പരാതിയും നൽകി. മോശമായി പെരുമാറിയ പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
English summary
Manjeri traffic unit policeman told to shave his beard and hair