കോട്ടയം: പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിൽ മാണി സി കാപ്പൻ. പാലാക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എകെ ശശീന്ദ്രൻ പക്ഷം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. മുന്നണി മാറ്റം സംബന്ധിച്ച നിര്‍ണായ തീരുമാനങ്ങൾക്കായി ദേശീയ നേതൃത്വവുമായി ഉടൻ ചര്‍ച്ച നടത്തും. ഇതിനായി മാണി സി കാപ്പനും സംഘവും മുംബൈക്ക് തിരിക്കും.
എൻസിപിയുടെ മുന്നണി മാറ്റ നിലപാടിനെ കുറിച്ച് ശരത് പവാറുമായി നിർണായക ചർച്ച മറ്റന്നാൾ നടക്കുമെന്നാണ് വിവരം. സീറ്റ് ലഭിച്ചില്ലെങ്കിൽ മുന്നണി മാറണമെന്ന് നിർദ്ദേശം മാണി സി കാപ്പനും സംഘവും മുന്നോട്ടു വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ തീരുമാനം ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കാപ്പന്റെയും സംഘത്തിന്റെയും നിലപാട്.
പാലായിൽ ജോസ് കെ മാണിയെ തന്ന മത്സരിപ്പിക്കാനുള്ള തീരുമാനവുമായി സിപിഎമ്മും ഇടത് മുന്നണിയും മുന്നോട്ട് പോകുന്നതായാണ് വിവരം. പാലായിൽ മാണി സി കാപ്പൻ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന വിവരം പാര്‍ട്ടി കീഴ്ഘടകങ്ങൾക്ക് സിപിഎം നൽകിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. പാലായെ ചൊല്ലി മുന്നണി വിടുന്ന കാര്യത്തിൽ എൻസിപിക്ക് അകത്തും ഭിന്നാഭിപ്രായം ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ എൻസിപി ദേശീയ നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാണ്
English summary
Mani C Kappan says decision on change of front cannot be delayed as differences with Left Front over Pala seat