കൊച്ചി: റഷ്യന്‍ ആക്രമണം രൂക്ഷമായതോടെ മുറികളില്‍നിന്ന് ബങ്കറുകളില്‍ അഭയംതേടിയതായി യുക്രെയ്നിലെ സപോറോഷ്യ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മലയാളികളായ അഞ്ചാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍.
എപ്പോള്‍ വേണമെങ്കിലും സൈന്യം അടുത്തു വരാവുന്ന സ്ഥിതിയാണ്. അതിനാല്‍, ഇടയ്ക്കു മുറിയിലേക്ക് എത്തിയെങ്കിലും വീണ്ടും ബങ്കറുകളില്‍ ഒളിക്കേണ്ടി വന്നു.
800 മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിഇരുന്നൂറിലധികം ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നു വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഇത്രയും ആളുകളെ അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ ആരും തയാറല്ല. എംബസിയുടെ പിന്തുണയില്ലാതെ പോയവര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചാണ് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ തങ്ങള്‍ സുരക്ഷിതരല്ലെന്നും രണ്ടുദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേ ഉള്ളൂവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വീഡിയോയിലൂടെയാണു അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രിവരെ ബങ്കറുകളിലായിരുന്നു താമസം. സാഹചര്യം അല്പം മെച്ചപ്പെട്ടെന്നു തോന്നിയപ്പോഴാണു മുറിയിലേക്കു തിരിച്ചെത്തിയത്. എന്നാല്‍ രാവിലെ തന്നെ വീണ്ടും ബങ്കറുകളില്‍ അഭയംപ്രാപിക്കേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും മുറിയിലേക്ക് എത്തിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകേണ്ടി വരും. രണ്ടു ദിവസത്തേക്കു മാത്രമേ ഭക്ഷണവും വെള്ളവും കാണൂ. തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നതിനാല്‍ പുറത്തുപോകാനാകില്ല. കടകളും ഇല്ല- തൃപ്പൂണിത്തുറ സ്വദേശിനി ഗായത്രി രാജ്കുമാര് പറഞ്ഞു.
“റൊമേനിയയാണ് ഏറ്റവും അടുത്തുള്ള അതിര്‍ത്തി. റോഡ്മാര്‍ഗം അവിടെയെത്തണമെങ്കില്‍ ഏകദേശം 24 മണിക്കൂര്‍ വേണ്ടിവരും. അറിയാവുന്ന പലരും വളരെ ബുദ്ധിമുട്ടിയാണു ബോര്ഡറുകളിലേക്കു പോകുന്നത്. കീവിലുള്ള ബന്ധു പോളണ്ട് അതിര്‍ത്തിയിലേക്കു പോകാന്‍ ബസില്‍ പോയിരുന്നു. എന്നാല്‍ പകുതിവഴിയില്‍ ഇറക്കിവിട്ടു. കൊടുംതണുപ്പില്‍ കിലോമീറ്ററുകള്‍ നടന്നാണു റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ പിടിച്ചുവയ്ക്കുകയും പരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തു. ഇങ്ങനെ റിസ്ക് എടുത്ത് ഇത്രയും പേര്‍ക്കു യാത്രചെയ്യാനാകില്ല”- അഞ്ചാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ആലുവ സ്വദേശിനി നന്ദന പറഞ്ഞു.
തങ്ങള്‍ക്ക് എംബസിയെ ബന്ധപ്പെടാനായില്ല. വീട്ടില്‍നിന്നു ബന്ധപ്പെട്ടപ്പോള്‍ തങ്ങളോട് ബോര്‍ഡറിലേക്ക് എത്താനാണ് എംബസി പറഞ്ഞത്. എന്നാലിപ്പോള്‍ ഗൈഡന്സില്ലാതെ ബോര്‍ഡറിലേക്കു പോകരുതെന്ന് എംബസിയുടെതന്നെ പുതിയ അറിയിപ്പു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹംഗറിയിലെത്തിയവര് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. അതിനുപിന്നാലെയാണ് എംബസിയുടെ ഗൈഡന്സില്ലാതെ ആരും പോകരുതെന്ന അറിയിപ്പുവന്നത്. എംബസി ഇടപെട്ട് എങ്ങനെയും തങ്ങളെ അതിര്‍ത്തിയില്‍ എത്തിച്ചാലേ നാട്ടിലേക്ക് എത്താനാകൂവെന്നും നന്ദന പറഞ്ഞു.