ബെംഗളൂരു∙ ഫിറ്റ്നസ് നിർണയിക്കാൻ ബിസിസിഐ നടത്തുന്ന ടെസ്റ്റ് പാസായി മലയാളി താരം സഞ്ജു സാംസണ്. യോയോ ടെസ്റ്റിനു പുറമെ ബിസിസിഐ നടത്തുന്ന ഓട്ടമത്സരത്തിന്റെ ആദ്യ അവസരത്തിൽ സഞ്ജു പരാജയപ്പെട്ടിരുന്നു.
സമൂഹമാധ്യമത്തിലൂടെ സഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനി വിജയ് ഹസാരെ ട്രോഫിക്കായുള്ള തയാറെടുപ്പിനായി നീങ്ങുന്നതായും സഞ്ജു വ്യക്തമാക്കി. അതേസമയം, വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെട്ടെങ്കിലും ക്യാപ്റ്റൻ സ്ഥാനത്തുനിന്നു സഞ്ജുവിനെ മാറ്റിയതിനെതിരെ ശശി തരൂർ എംപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആശ്ചര്യമെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
വിജയ് ഹസാരെ ട്രോഫിക്കുന്ന കേരള ടീമിനെ തിങ്കളാഴ്ചയാണ് കെസിഎ പ്രഖ്യാപിച്ചത്. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. എസ്. ശ്രീശാന്ത്, റോബിൻ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന ഉൾപ്പെടെയുള്ളവർ 20 അംഗ ടീമിലുണ്ട്. 13 മുതൽ ബെംഗ്ലൂരുവിലാണ് ടൂർണമെന്റ്. 6 ടീമുകൾ വീതം ഉൾപ്പെട്ട 5 എലീറ്റ് ഗ്രൂപ്പുകളും 8 ടീമുകൾ ഉൾപ്പെട്ട പ്ലേറ്റ് ഗ്രൂപ്പിലുമായാണ് പ്രാഥമിക മത്സരങ്ങൾ. എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം.
സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ, നിതീഷ് റാണ, രാഹുൽ തെവാത്തിയ, സിദ്ദാർഥ് കൗൾ, ജയദേവ് ഉനദ്കട് എന്നിവരാണ് ബിസിസിഐ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പുതുതായി കൊണ്ടുവന്ന 2 കിലോമീറ്റർ ‘ഓട്ടപരീക്ഷ’യിൽ പരാജയപ്പെട്ടത്. എന്നാൽ രണ്ടാം അവസരത്തിൽ ടെസ്റ്റ് വിജയിച്ചതായി ഇഷാൻ കിഷൻ പിന്നീട് അറിയിച്ചു.
English summary
Malayalee cricketer Sanju Samson passes the test conducted by the BCCI to determine his fitness