അത്ഭുത കാഴ്ചകളൊരുക്കി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍; അഭിമാനമായി മലയാളിയും സംഘവും

0

ദുബൈ: ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്ന വിശേഷണവുമായി അത്ഭുത കാഴ്ചകളൊരുക്കി ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഇന്ന് ലോകത്തിന് സമര്‍പ്പിക്കും. ലോകത്തിലെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായ ഇതില്‍ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും സമന്വയിക്കുന്നു. ലോകസഞ്ചാരികള്‍ക്കായി ദുബൈ ഒരുക്കുന്ന ഈ വിസ്മയത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് വെളിച്ചം ക്രമീകരിച്ചത് മലയാളിയായ ബൈജു ചാലിയിലിലും സംഘവുമാണ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ബൈജു മാനേജിങ് പാര്‍ട്ണറായ അമേരിക്കന്‍ കമ്പനി ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസസ് ആണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ലൈറ്റ് ഇന്‍സ്റ്റലേഷന്‍ ജോലി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.

2019 മേയിലാണ് ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസസ് കമ്പനിക്ക് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ലൈറ്റ് ഇന്‍സ്റ്റലേഷന്‍ കോണ്‍ട്രാക്ട് ലഭിക്കുന്നത്. തുടര്‍ന്നുള്ള രണ്ടര വര്‍ഷക്കാലം ബൈജുവും 40 പേരടങ്ങുന്ന സംഘവും ഈ പ്രൊജക്ടിന് വേണ്ടി പ്രവര്‍ത്തിച്ചു. ദെബ്ബാസ് ലൈറ്റിങ്, ഓസ്‌റാം ലൈറ്റിങ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസസിന് ഇത്രയും വലിയ പ്രൊജക്ട് നല്‍കുന്നത്. കോഴിക്കോട് സ്വദേശി ഹസിന്‍ മുഹമ്മദ് ആയിരുന്നു പ്രൊജക്ട് എഞ്ചിനീയര്‍. തിരുവനന്തപുരം സ്വദേശി സന്ദീപ് അജിത് കുമാര്‍ സീനിയര്‍ സൂപ്പര്‍വൈസറായും പ്രവര്‍ത്തിച്ചു.

2004 മുതല്‍ ദുബൈയില്‍ താമസമാക്കിയ ബൈജു, അമേരിക്കന്‍ സ്വദേശിയായ ബില്‍ ജോണ്‍സന്‍റെ കൂടെ ചേര്‍ന്ന് 2012ലാണ് ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസസ് കമ്പനിക്ക് രൂപം നല്‍കിയത്. വളരെ സവിശേഷതകളുള്ള രൂപകല്‍പ്പനയാണ് കെട്ടിടത്തിന്റേതെന്നും അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ജോലി പൂര്‍ത്തിയാക്കിയതെന്ന് ബൈജു ചാലിയിലില്‍ പറയുന്നു. എല്ലാ ദിവസവും 10 മണിക്കൂറോളം ജോലി ചെയ്തിരുന്നു. ഭാവിയില്‍ ലൈറ്റിങ് സംബന്ധമായ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനായും കമ്പനി ഈ പ്രൊജക്ടില്‍ തുടരുമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

ബുര്‍ജ് ഖലീഫയിലെ മീഡിയാ സ്‌ക്രീന്‍, ബീയ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, എക്‌സ്‌പോ 2020ലെ അല്‍ വാസല്‍ പ്ലാസ എന്നിവയില്‍ വെളിച്ചം ക്രമീകരിച്ചതും ബൈജുവിന്റെ നേതൃത്വത്തിലുള്ള ഇതേ കമ്പനിയാണ്. സഞ്ചാരികളെ എക്‌സ്‌പോയിലേക്ക് ആകര്‍ഷിക്കുന്ന അല്‍ വാസല്‍ പ്ലാസയിലെ വെളിച്ചം ക്രമീകരിച്ചതും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്ന് ബൈജു പറഞ്ഞു. 3എസ് ലൈറ്റിങ് സൊലൂഷന്‍സുമായി ചേര്‍ന്നാണ് അല്‍ വാസല്‍ പ്ലാസയുടെ ലൈറ്റിങ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കിയത്. ലോകം മുഴുവന്‍ കൗതുകത്തോടെ കാത്തിരിക്കുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമ്പോള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ പ്രൊജക്ടുകളുടെ പട്ടികയിലേക്ക് മറ്റൊന്ന് കൂടി ചേര്‍ക്കാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ജെടിഎസ്, ബിഎഎം ഇന്റര്‍നാഷണല്‍സ്, ഒസ്‌റാം ലൈറ്റിങ്, ദെബ്ബാസ്  ഇലക്ട്രിക്, ട്രാന്‍സ് ഗള്‍ഫ് എന്നീ കമ്പനികളും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

77 മീറ്റര്‍ ഉയരത്തില്‍ 30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിതീര്‍ക്കുന്ന മ്യൂസിയത്തിന്റെ പുറംഭാഗം, എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ്. ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും മ്യൂസിയത്തിലെ പ്രദര്‍ശനങ്ങള്‍. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചും സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയും നിര്‍മ്മിച്ച വാസ്തുവിദ്യാ വിസ്മയം  4,000 മെഗാവാട്ട് സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

മ്യൂസിയം ഉദ്ഘാടനത്തിന്റെ വിളമ്പരവും ലോകം ഇതുവരെ കാണാത്ത രീതിയിലാണ് സംഘാടകര്‍ ഒരുക്കിയത്. ക്ഷണക്കത്തുമായി ദുബൈ നഗരത്തിനുമുകളിലൂടെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയാണ് റിയല്‍ ലൈഫ് അയണ്‍ മാന്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ദുബൈ ഷെയ്ഖ് സായിദ് റോഡിനരികില്‍, എമിറേറ്റ്‌സ് ടവറിനും വേള്‍ഡ് ട്രേഡ് സെന്ററിനോടും ചേര്‍ന്ന് നൂറോളം വരുന്ന ചെടികള്‍ കൊണ്ട് പച്ചപുതച്ച കുന്നിന്‍ മുകളിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. www.motf.ae എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. 145 ദിര്‍ഹമാണ് പ്രവേശന നിരക്ക്. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കു പുറമേ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്.

Leave a Reply