ധരിച്ച വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരിൽ സമൂഹമാധ്യമത്തിൽ അസഭ്യവർഷം നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണയുമായി മലയാളത്തിലെ നായികമാർ. റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി എന്നിവർ പിന്തുണയുമായി എത്തി. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘അദ്ഭുതം അദ്ഭുതം… സ്ത്രീകൾക്ക് കാലുകണ്ടത്രേ!!’ എന്ന അടിക്കുറിപ്പ് സഹിതമാണ് സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടി റിമ നൽകിയത്. കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്. കാല് കാണിച്ചുള്ള യോഗ വിഡിയോ പങ്കുവച്ചായിരുന്നു കനിയുടെ പ്രതികരണം. ഇന്ന് കാലുകളുടെ ദിവസം എന്നായിരുന്നു ഈ വിഡിയോയ്ക്ക് റിമയുടെ കമന്റ്.ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഇതുപോലെ ഷോർട്സ് ധരിക്കും, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല.’–അഹാന പറഞ്ഞു.ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്. എന്നാൽ, ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം.
Malayalam heroines support Anashwara Rajan