മലയാളത്തിന്റെ നടനവിസ്‌മയം കെ.പി.എ.സി. ലളിത അന്തരിച്ചു

0

കൊച്ചി: മലയാളത്തിന്റെ നടനവിസ്‌മയം കെ.പി.എ.സി. ലളിത (74) അന്തരിച്ചു. കരള്‍ രോഗത്തിനു കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ പേട്ടയില്‍ മകനും നടനുമായ സിദ്ദാര്‍ത്ഥിന്റെ ഫ്‌ളാറ്റില്‍ ഇന്നലെ രാത്രി 10.45 നായിരുന്നു അന്ത്യം. അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ ഭരതനാണ്‌ ഭര്‍ത്താവ്‌. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ്‌ ഭരതന്‍. ഇന്നു രാവിലെ എട്ടു മുതല്‍ 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം മൃതദേഹം വടക്കാഞ്ചേരിയിലേക്കു കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട്‌ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍.
നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണയും സംസ്‌ഥാന ചലചിത്ര പുരസ്‌കാരം നാലു തവണയും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.
കായംകുളം രാമപുരത്ത്‌ കടയ്‌ക്കല്‍ തറയില്‍ കെ. അനന്തന്‍നായരുടേയും ഭാര്‍ഗവി അമ്മയുടേയും മകളായി 1947 മാര്‍ച്ച്‌ 10ന്‌ ഇടയാറന്മുളയിലാണ്‌ കെ.പി.എ.സി. ലളിത ജനിച്ചത്‌. ഫോട്ടോഗ്രഫറായിരുന്നു അച്‌ഛന്‍. രാമപുരം സര്‍ക്കാര്‍ ഗേള്‍സ്‌ സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത്‌ സ്‌കൂള്‍, പുഴവാത്‌ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഏഴാംക്ല ാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്തു കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ്‌ അക്കാദമിയില്‍ നൃത്തപഠനത്തിനു ചേര്‍ന്നതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി.
നാടകരംഗത്തെ അരങ്ങേറ്റം ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ്‌ക്ല ബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു. ഗീഥയിലും എസ്‌.എല്‍. പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ്‌ ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷം കെ.പി.എ.സിയിലെത്തി. തോപ്പില്‍ ഭാസിയാണ്‌ ലളിത എന്നു പേരിട്ടത്‌. 1970 ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ചു. കെ.പി.എ.സിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍, നാടകത്തിലെ അതേ കഥാപാത്രത്തെതന്നെയായിരുന്നു ലളിത അവതരിപ്പിച്ചിരുന്നത്‌. 1978 ലായിരുന്നു ഭരതനുമായുള്ള വിവാഹം. ‘കഥ തുടരും’ എന്ന ആത്മകഥയ്‌ക്കു ചെറുകാട്‌ പുരസ്‌കാരം ലഭിച്ചു.

Leave a Reply