Sunday, September 19, 2021

കുടുക്കിയത് ‘ സ്നാച്ചിങ് കോമെറ്റ് ’;ആലപ്പുഴ ജില്ലയിൽ ഒറ്റദിവസം രണ്ടു മണിക്കൂറിനിടയിൽ പോലീസുകാരിയുടെ ഉൾപ്പെടെ ആറുപേരുടെ മാലമോഷണം നടത്തി മുങ്ങിയ കള്ളൻമാർ മലപ്പുറം പോലീസിന്റെ പിടിയിൽ

Must Read

ആലപ്പുഴ ജില്ലയിൽ ഒറ്റദിവസം രണ്ടു മണിക്കൂറിനിടയിൽ പോലീസുകാരിയുടെ ഉൾപ്പെടെ ആറുപേരുടെ മാലമോഷണം നടത്തി മുങ്ങിയ കള്ളൻമാർ മലപ്പുറം പോലീസിന്റെ പിടിയിൽ.

ഹരിപ്പാട് മണ്ണറാശാല തറയിൽവീട്ടിൽ ഉണ്ണി (31), കൊല്ലം അഞ്ചാലുംമൂട് പെരിനാട് കൊച്ചഴിയത്ത് പണിയിൽവീട്ടിൽ ശശി (43) എന്നിവരെയാണു പിടികൂടിയത്. ഇരുവരും വിവിധ മോഷണക്കേസുകളിൽ ഒരുമിച്ച് ജയിൽവാസം അനുഭവിച്ചശേഷം കഴിഞ്ഞവർഷമാണ് ജാമ്യത്തിലിറങ്ങിയത്. തറയിൽ ഉണ്ണി ആലപ്പുഴ വീയപുരം സ്റ്റേഷനിൽ കൊലപാതകക്കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു

ഓഗസ്റ്റ് എട്ടിനു കാവുങ്കലിൽ ആലപ്പുഴ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥ പി.എസ്. സൗമ്യ, മണ്ണഞ്ചേരി വടക്കേവെളി പി.ആർ. ആതിര, ആശ്രമം വാർഡ് ചെമ്മുഖത്ത് പത്മിനി, തുമ്പോളി വാവക്കാട് റോസ്‌മേരി, ചേർത്തല വാരനാട് സ്വദേശിയായ വീട്ടമ്മ, അരൂക്കുറ്റി മേപ്പള്ളിയിൽ വരദ എന്നിവരുടെ മാലകളാണ് ഇവർ അപഹരിച്ചത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും ഇവർ മാല മോഷ്ടിച്ചിട്ടുണ്ട്. നടന്നുപോകുന്നതും ഒറ്റയ്ക്ക് ഇരുചക്രവാഹനം ഓടിച്ചുപോകുന്നതുമായ സ്‌ത്രീകളുടെ മാലയാണ് ഇരുവരും പൊട്ടിച്ചെടുക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽനിന്നായി 40 സ്‌ത്രീകളുടേതായി 200 പവനോളംവരുന്ന സ്വർണമാലകളാണ് ഇരുവരും മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

കുടുക്കിയത് ‘ സ്നാച്ചിങ് കോമെറ്റ് ’

: പ്രതികളെ പിടിക്കാൻ മലപ്പുറം പോലീസ് ഓപ്പറേഷൻ ‘സ്നാച്ചിങ് കോമെറ്റ്’ എന്ന പദ്ധതി ആരംഭിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 500-ഓളം സി.സി.ടി.വി.ദൃശ്യങ്ങളാണു പരിശോധിച്ചത്. ഒരു ലക്ഷത്തോളം ആളുകളിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ജയിലിൽനിന്നിറങ്ങിയ പ്രതികൾ ആലപ്പുഴയിൽ ബൈക്ക് മോഷണം നടത്തിയാണ് മാലപറിക്കാൻ ആരംഭിച്ചത്.

വിവിധ സ്ഥലങ്ങളിൽ വ്യാജ ആധാർകാർഡ് ഉണ്ടാക്കി വ്യാജപ്പേരിൽ താമസിക്കുകയായിരുന്നു. താമസിക്കുന്ന സ്ഥലങ്ങളിൽ ആരുമായും ഒരു ബന്ധവും പുലർത്തിയിരുന്നില്ല. ഇവർ വ്യാജമായി ഉണ്ടാക്കിയ നിരവധി തിരിച്ചറിയൽ രേഖകൾ പോലീസ് പിടിച്ചെടുത്തു. ഒരു വർഷത്തിനിടയിൽ നൂറോളം സിംകാർഡാണ് ഇവർ ഉപയോഗിച്ചിരുന്നത്.

മാലപറിച്ചു വിറ്റുകിട്ടുന്ന പണത്തിന് അന്യസംസ്ഥാനത്തുപോയി ആഡംബരജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി. അന്വേഷണത്തിനിടെ ഇവർ വ്യാജവിലാസത്തിൽ പാലക്കാട് നെന്മാറയിൽ താമസിക്കുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതികൾ കാറിൽ കടന്നുകളയാൻ ശ്രമിച്ചു.

ഇരുവരും ചാവക്കാട്-പുതുപൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടിയിൽവെച്ചാണ് ചൊവ്വാഴ്‌ച പോലീസിന്റെ പിടിയിലായത്.

ഓപ്പറേഷനു നേതൃത്വം നൽകിയവരിൽ ഒരാളായ മലപ്പുറം പൊന്നാനി സബ് ഇൻസ്പെക്ടർ രതീഷ് ഗോപി ആലപ്പുഴ സ്വദേശിയാണ്. രതീഷ് കഴിഞ്ഞ മാസം ഇരുപതോളം മാലപറിക്കൽ കേസുകളിലെ പിടികിട്ടാപ്പുള്ളികളെയും പിടിച്ചിരുന്നു.

പെരുമ്പടപ്പ് ഇൻസ്പെക്ടർ കാഴ്സൺ മാർക്കോസ്, സി.പി.ഒ.മാരായ വിഷ്ണുനാരായണൻ, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News