ആഡംബരം നിറഞ്ഞ ഇന്റീരിയറും കരുത്തറ്റ എഞ്ചിനും അടക്കം നിരവധി പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര സ്‌കോർപിയോയുടെ പുതിയ മോഡൽ സ്‌കോർപിയോ എൻ വിപണിയിൽ

0

ആഡംബരം നിറഞ്ഞ ഇന്റീരിയറും കരുത്തറ്റ എഞ്ചിനും അടക്കം നിരവധി പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര സ്‌കോർപിയോയുടെ പുതിയ മോഡൽ സ്‌കോർപിയോ എൻ വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒമ്പതു വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. പ്രാരംഭ വില 11.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ്. . ജൂൺ 30 മുതൽ ബുക്കിങ്ങ് ആരംഭിക്കും, ആദ്യമെത്തുന്ന 25000 പേർക്ക് മാത്രമായിരിക്കും പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുക.

മാനുവൽ, 4×2 വകഭേദങ്ങളുടെ വില മാത്രമേ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളു. ഓട്ടമാറ്റിക്ക്, 4×4 വകഭേദങ്ങളുടെ വില അടുത്തമാസം 21 ന് പ്രഖ്യാപിക്കും.മഹീന്ദ്ര ഥാർ, എക്‌സ്‌യുവി 700 എന്നിവയിൽ ഉപയോഗിക്കുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും 2.2 ലീറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിന് കരുത്തു പകരുന്നത്. പഴയ മോഡലിനെക്കാൾ 206 എംഎം നീളവും 97 എംഎം വീതിയുമുണ്ട്. എന്നാൽ ഉയരം 125 എംഎം കുറവാണ്. വീൽബെയ്‌സ് 70 എംഎം ഉയർന്നിട്ടുണ്ട്. ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിന്റെ മനോഹാരിത കൂട്ടുന്നത്.

ഡ്യുവൽടോണാണ് ഇന്റീരിയർ കളർ സ്‌കീം. പ്രീമിയം ലുക്കുള്ള ഡാർഷ്‌ബോർഡും സീറ്റുകളും. ഡാഷ്‌ബോർഡിൽ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റർ ഡിജിറ്റൽ എംഐഡി ഡിസ്‌പ്ലെയും സ്‌പോർട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സറൗണ്ട് സിസ്റ്റമുള്ള 8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റമാണ് പുതിയ സ്‌കോർപിയോയിൽ. കൂടാതെ ആറ്, ഏഴ് എന്നിങ്ങനെ വ്യത്യസ്ത ലേഔട്ടിലുള്ള സീറ്റിങ് അറേഞ്ചുമെന്റുകളുമുണ്ട്.

ഡീസൽ എൻജിൻ രണ്ടു ട്യൂണിങ്ങുകളിൽ ലഭിക്കും. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിന് 132 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമുള്ള പതിപ്പും 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ് / ഗ്രാവൽ / സ്‌നോ, മഡ്, സാന്റ് എന്നീ ടെറൈൻ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്‌സുകൾ.

മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വാഹനമാണ് സ്‌കോർപിയോ എൻ. എക്‌സ്യുവി 700 ന് സമാനമായ ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയർഡാം എന്നിവയുണ്ട്. സിൽവർ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകൾ. ഡ്യുവൽ പോഡ് ഹെഡ്ലാംപും മസ്‌കുലർ ഷോൾഡർ ലൈനുമുണ്ട്. വശങ്ങളിൽ മസ്‌കുലറായ വീൽആർച്ചുകളാണ്. പിൻഭാഗവും മനോഹരം തന്നെ. മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിൽ ഡിസൈൻ ചെയ്ത് ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിൽ എൻജിനീയറിങ് ചെയ്താണ് വാഹനം പുറത്തിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here