ന്യൂയോര്‍ക്ക്: മഹാത്മാഗാന്ധിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം യു.എസിലെ കാലിഫോര്‍ണിയയിലുള്ള ദേവാലയത്തില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. പരമഹംസ യോഗാനന്ദ സ്ഥാപിച്ച ആത്മീയകേന്ദ്രത്തിലെ ഗാന്ധി ലോക സമാധാന സ്മാരകത്തിലാണ് ചിതാഭസ്മമുള്ളത്. ഇവിടെ പുരാതനമായ ശിലാനിര്‍മിത ശവപ്പെട്ടിക്കുള്ളില്‍ വെങ്കലത്തിലും വെള്ളിയിലും തീര്‍ത്ത പെട്ടിയില്‍ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നതയാണു റിപ്പോര്‍ട്ട്.
ഹോളിവുഡിനു സമീപമാണ് പരമഹംസ യോഗാനന്ദ സ്ഥാപിച്ച ലേക്ക് ഷ്റൈന്‍. 1948 ല്‍ ഗാന്ധിജിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കുശേഷം ചിതാഭസ്മം 20 ഭാഗങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോയിരുന്നു. ഇവയില്‍ ചിലതു രാജ്യത്തിനു പുറത്തേക്കും പോയെന്നാണു സൂചന. കാലിഫോര്‍ണിയയിലെ ദേവാലയത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മമുണ്ടെന്നറിഞ്ഞ് 20 വര്‍ഷം മുമ്പ് അവരുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഗാന്ധിജിയുടെ പിന്മുറക്കാരനായ തുഷാര്‍ ഗാന്ധി പറഞ്ഞു. ചിതാഭസ്മം സൂക്ഷിക്കുന്നത് ബാപ്പുവിന്റെ ആഗ്രഹത്തിന് എതിരാണ്. തന്റെ മരണശേഷം ചിതാഭസ്മം സൂക്ഷിക്കരുതെന്നും നിമജ്ജനം ചെണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.തുഷാര്‍ ഗാന്ധി പറഞ്ഞു. എന്നാല്‍, തങ്ങളുടെ ഗുരു സ്ഥാപിച്ചതിനെ മറികടക്കില്ലെന്നു ദേവാലയത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാരില്‍ ഒരാളായ ബ്രദര്‍ റിതാനന്ദ പറഞ്ഞു. ചിതാഭസ്മം അടങ്ങിയ പാത്രം താന്‍ നേരില്‍ കണ്ടിട്ടില്ലെന്നും എന്നാല്‍, യോഗാനന്ദ അത് ശവപ്പെട്ടിക്കുള്ളില്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ കണ്ടിട്ടുണ്ടെന്നും റിതാനന്ദ പറഞ്ഞു.
സുഹൃത്തും പുനെയിലെ മാധ്യമപ്രവര്‍ത്തകനും പ്രസാധകനുമായിരുന്ന വി.എം. നവ്ലെയില്നിന്നാണ് പരമഹംസ യോഗാനന്ദയ്ക്ക് ഗാന്ധിജിയുടെ ചിതാഭസ്മം ലഭിച്ചതെന്നും കരുതുന്നു. ചിതാഭസ്മത്തിന്റെ ബാക്കി ഭാഗമെല്ലാം വിവിധ നദികളിലും കടലിലുമായി ഒഴുക്കിയതായും ഈ ഒരു ഭാഗം മാത്രമാണ് അവശേഷിക്കുന്നതെന്നും ചിതാഭസ്മം നല്കിയ നവ്ലെ അറിയിച്ചിരുന്നെന്ന് യോഗാനന്ദയുടെ ആത്മകഥയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് ശരിയാകാന്‍ വഴിയില്ലെന്നാണു തുഷാര്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.