‘എ സ്യൂട്ടബിള്‍ ബോയിലെ’ വിവാദ രംഗം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നെറ്റ്ഫ്ലിക്സ് ഉദ്യോഗസ്ഥർക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. സീരീസിലെ ക്ഷേത്രപരിസരത്തെ രംഗത്തില്‍ ഹൈന്ദവ വിശ്വാസിയായ നായിക കാമുകനായ അന്യമതസ്ഥനെ ചുംബിക്കുന്ന രംഗത്തിനെതിരെ ബിജെപി യുവ നേതാവ് ഗൗരവ് തിവാരിയാണ് പരാതി കൊടുത്തത്. തുടർന്ന് മധ്യപ്രദേശ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സീരീസ് മതവികാരം വ്രണപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. നെറ്റ്ഫ്ലിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ,പബ്ലിക് പോളിസി ഡയറക്ടർ അംബിക ഖുറാന എന്നിവർക്കെതിരെ ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഈ സീരീസ്, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ഹിന്ദുത്വവാദികൾ നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയര്‍ത്തിയിരുന്നു. ‘ബോയ്ക്കോട്ട് നെറ്റ്ഫ്ളിക്സ്’ എന്ന ഹാഷ്ടാഗിലായിരുന്നു പ്രചരണം.
വിക്രം സേഥിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഇന്ത്യൻ-അമേരിക്കൻ സംവിധായിക മീര നായർ സംവിധാനം ചെയ്ത വെബ് സീരീസാണ് ‘എ സ്യൂട്ടബിള്‍ ബോയ്’. ഇഷാൻ ഖട്ടാർ, തബു, തന്യ മണിക്താല, രസിക ദുഗ്ഗൽ തുടങ്ങിയ പ്രമുഖ താരങ്ങൾ വേഷമിട്ട സീരീസ് കഴിഞ്ഞ ഒക്ടോബർ 23 മുതൽ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്നുണ്ട്. Madhya Pradesh police have registered a case against Netflix officials for allegedly hurting religious sentiments in A Suitable Boy ‘controversy.