ക്രൈംബ്രാഞ്ചിനു സൂചന നല്‍കി പള്‍സര്‍ സുനി ദിലീപ്‌ കൈമാറാന്‍ വിസമ്മതിച്ച ഫോണില്‍ ‘മാഡം’ ?

0

കൊച്ചി : ദിലീപ്‌ കൈമാറാന്‍ വിസമ്മതിക്കുന്ന ഫോണില്‍ ‘മാഡം’ ആരെന്നതിന്റെ ഉത്തരം തേടി ക്രൈംബ്രാഞ്ച്‌. ഫോണില്‍ മാഡവുമായിട്ടുള്ള സംഭാഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു നടിെയ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നല്‍കിയ വിവരം. വെള്ളിയാഴ്‌ച ചോദ്യം ചെയ്‌തപ്പോഴായിരുന്നു സുനി ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഒരു സ്‌ത്രീയാണു കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നു നടന്‍ ദിലീപ്‌ സംസാരിക്കുന്നതു കേട്ടുവെന്നാണു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. അതു ‘മാഡ’ മാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. ദിലീപ്‌ സുഹൃത്ത്‌ ബൈജുവിനോടു ‘സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല’ എന്നും ‘ഒരു പെണ്ണ്‌ അനുഭവിക്കേണ്ടതാണ്‌’ എന്നും ‘അവരെ രക്ഷിച്ചു കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നും പറയുന്നതു കേട്ടുവെന്നുമാണു വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍തന്നെ റെക്കോഡ്‌ ചെയ്യുകയും ചെയ്‌തു.
മാഡം സിനിമാ മേഖലയില്‍നിന്നുള്ളയാളാണെന്നു പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിനു വലിയ പങ്കില്ല എന്നായിരുന്നു സുനി പിന്നീടു പറഞ്ഞത്‌. ഇതോടെ മാഡത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചു, പിന്നാലെ അന്വേഷണവും നിലച്ചിരുന്നു. ഇതിനിടെയാണു ഫോണില്‍ ‘മാഡ’ മുണ്ടെന്ന നിര്‍ണായക സൂചന വരുന്നത്‌. ഇവരെ രക്ഷിക്കാനാണോ ദിലീപ്‌ ഫോണ്‍ കൈമാറാത്തതെന്നും ക്രൈംബ്രാഞ്ച്‌ സംശയിക്കുന്നു.
ഫോണില്‍ മുന്‍ ഭാര്യ മഞ്‌ജു വാര്യര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള സ്വകാര്യ സംഭാഷണമാണെന്നു ദിലീപ്‌ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളും ക്രൈംബ്രാഞ്ചിനു സ്‌ഥിരീകരിക്കേണ്ടതുണ്ട്‌. ദിലീപിനു വൈകാരിക അടുപ്പമുള്ളയാളാണു ‘മാഡ’ മെന്നും അതാണു അവരെ രക്ഷിക്കാന്‍ ഈ സന്ദര്‍ഭത്തിലും ദിലീപ്‌ ശ്രമിക്കുന്നതെന്നുമാണു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. ഫോണിലെ ചില കാര്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ ഇന്നലെ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്‌. എന്തുകൊണ്ടു പോലീസ്‌ ലാബിലെ ഫോണ്‍ പരിശോധന എതിര്‍ക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്‌.
ഏഴു ഫോണുകള്‍ കൈമാറണമെന്നാണു ക്രൈംബ്രാഞ്ച്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ ഇതില്‍ ഒരു ഫോണിനെക്കുറിച്ചു തനിക്ക്‌ അറിയില്ലെന്നു ദീലീപ്‌ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ്‌ ആറു ഫോണുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്‌. മൂന്നു ഫോണുകള്‍ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച്‌ അറിയില്ലെന്നുമാണു ദിലീപിന്റെ നിലപാട്‌. ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ മനഃപ്പൂര്‍വം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണു കോടതി അംഗീകരിച്ചത്‌. അതേസമയം, വി.ഐ.പി. ആരെന്നതും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെപ്പറ്റി ചില സൂചനകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്‌. ശരത്തല്ല വി.ഐ.പിയെന്നതു ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്‌.
കേസില്‍ നേരിട്ടു പങ്കുണ്ടെന്നു പറയുന്ന വ്യക്‌തിയും പോലീസ്‌ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണു വി.ഐ.പി. വി.ഐ.പിയെ കണ്ടെത്താനുള്ള ശബ്‌ദ സാമ്പിള്‍ പരിശോധന പുരോഗമിക്കുകയാണ്‌. നിലവില്‍ കോട്ടയം സ്വദേശിയായ ആളെയാണു സംശയിക്കുന്നത്‌. സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ഇയാളെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണു വിവരം. എന്നാല്‍, ഒറ്റത്തവണ കണ്ടിട്ടുള്ളയാളുടെ മുഖം അത്ര പരിചിതമല്ലെന്നു ബാലചന്ദ്രകുമാര്‍ പറയുന്നതിനാല്‍ത്തന്നെ ശബ്‌ദ സാമ്പിള്‍ വച്ചു ഉറപ്പിക്കാനാണ്‌ അന്വേഷണ സംഘം ശ്രമിക്കുന്നത്‌.

Leave a Reply