അന്നു പ്രളയത്തില്‍ നാടിനെയാകെ കൈപിടിച്ചു കയറ്റി, ഇന്നലെ ബാബുവിനെ കുമ്പാച്ചി മലയിടുക്കില്‍നിന്നു കരകയറ്റാനും മുന്‍നിരയില്‍… ഏറ്റുമാനൂര്‍ സ്വദേശി ലഫ്‌

0

കോട്ടയം : അന്നു പ്രളയത്തില്‍ നാടിനെയാകെ കൈപിടിച്ചു കയറ്റി, ഇന്നലെ ബാബുവിനെ കുമ്പാച്ചി മലയിടുക്കില്‍നിന്നു കരകയറ്റാനും മുന്‍നിരയില്‍… ഏറ്റുമാനൂര്‍ സ്വദേശി ലഫ്‌. കേണല്‍ ഹേമന്ദ്‌ രാജിനു നാടിന്റെ അനുമോദനപ്രവാഹം. ഏറ്റുമാനൂര്‍ തവളക്കുഴിക്കു സമീപം മുത്തുച്ചിപ്പിയില്‍ റിട്ട. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.കെ. രാജപ്പന്റെയും ലതികഭായിയുടെയും മകനാണു ഹേമന്ദ്‌ രാജ്‌.
2002-ല്‍ നാഷണല്‍ ഡിഫന്‍സ്‌ അക്കാഡമിയില്‍ പ്രവേശനം നേടിയ ഹേമന്ദ്‌ 2006-ലാണു സേനയുടെ ഭാഗമാകുന്നത്‌. അയോധ്യയിലായിരുന്നു ആദ്യനിയമനം. ഹേമന്ദ്‌ നേതൃത്വം നല്‍കുന്ന അഞ്ചാമത്തെ പ്രധാന രക്ഷാപ്രവര്‍ത്തനമായിരുന്നു മലമ്പുഴയിലേത്‌. 2018-ലെ പ്രളയ കാലത്ത്‌ ആരും ആവശ്യപ്പെടാതെ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയാണു ഹേമന്ദ്‌ മലയാളികളുടെ മനംകവര്‍ന്നത്‌. പുനെ ഡിഫന്‍സ്‌ അക്കാഡമിയിലെ ട്രെയിനിങ്‌ ഇന്‍സ്‌ട്രക്‌ടറായിരിക്കേ അവധിക്ക്‌ നാട്ടിലേക്കു വരുമ്പോഴാണു പ്രളയവിവരം അറിയുന്നത്‌. തുടര്‍ന്നു വീട്ടിലേക്കു പോകാതെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു രക്ഷാപ്രവര്‍ത്തനത്തിനായി കുതിക്കുകയായിരുന്നു.
ലഫ്‌റ്റനന്റ്‌ കേണലായി സ്‌ഥാനക്കയറ്റം നേടിയതിനു പിന്നാലെയാണു മൂന്നാര്‍ പെട്ടിമുടി ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്‌. സംയുക്‌ത സേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത്‌ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കുനൂരിലെ ഹെലികോപ്‌ടര്‍ അപകടത്തിലും ഹേമന്ദ്‌ രാജിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല. ബിബിന്‍ റാവത്തിനെ ആശുപത്രിയിലെത്തിച്ചതും ഹേമന്ദ്‌ രാജായിരുന്നു. അന്നത്തെ വിശിഷ്‌ടസേവനം മാനിച്ച്‌ വില്ലിങ്‌ടണില്‍ നടന്ന ചടങ്ങില്‍ സൈന്യം പ്രത്യേകം പുരസ്‌കാരവും നല്‍കി. രാഷ്‌ട്രപതിയുടെ വിശിഷ്‌ടസേവാ മെഡലും നേടിയിട്ടുണ്ട്‌. 2021-ലെ റിപ്പബ്ലിക്‌ദിന പരേഡില്‍ കമാന്‍ഡിങ്‌ ഓഫീസറായിരുന്നു.
കശ്‌മീരിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലും രാഷ്‌ട്രപതി ഭവനിലും നിയന്ത്രണരേഖയിലും പഞ്ചാബ്‌ സൈനിക കേന്ദ്രത്തിലുമടക്കം ഹേമന്ദ്‌ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഊട്ടിയില്‍ സ്‌പോര്‍ട്‌സിന്റെ അധികച്ചുമതല കൂടിയുണ്ട്‌.
ഏറ്റുമാനൂരില്‍ ദന്ത ഡോക്‌ടറായ തീര്‍ഥ ഹേമന്ദ്‌ ആണു ഭാര്യ. മകന്‍ അയാന്‍. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഹേമന്ദിന്റെ ബന്ധുക്കളെ വീഡിയോ കോളില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചു. മന്ത്രി വി.എന്‍. വാസവനും ഹേമന്ദിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചു.

Leave a Reply