ന്യൂസ് പേപ്പർ നോക്കി ആളില്ലാത്ത വീടുകൾ നോട്ടമിടും; പിന്നെ കുത്തിതുറന്നുള്ള മോഷണം; ഒടുവിൽ സുനാമി ജയ്‌സൺ അറസ്റ്റിൽ

0

തൃശൂർ: ആളില്ലാത്ത വീടുകളിൽ കയറി മോഷണം പതിവാക്കിയ സുനാമി ജയ്‌സൺ (52) പോലീസ് പിടിയിൽ. മോഷണം മുതലുകൾ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്‌സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂർ, തൊണ്ണൂർ കൊടി വീട്ടിൽ ഷഹീനും (30) അറസ്റ്റിലായി. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരേയും പിടികൂടിയത്.

മാർച്ച് 26ന് ചേലക്കര അന്തിമഹാകാളൻകാവ് ഉത്സവ ദിവസം ചേലക്കര നാട്ട്യൻചിറ ദേശത്തുള്ള കുന്നത്തൂപീടികയിൽ നൗഷാദിന്റെ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മാളയിലെയും, കോട്ടയത്തെയും ഓരോ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായും പ്രതി നൽകിയ മൊഴിയിൽ പറയുന്നു. ഒരു വർഷം മുൻപ് ആലുവയിൽ മോഷണത്തിന് പിടിച്ച ശേഷം മൂന്ന് മാസം മുൻപാണ് പ്രതി ജാമ്യം എടുത്ത് ജയിലിൽ നിന്നു ഇറങ്ങിയത്.

ആളില്ലാത്ത വീടുകളിൽ മാത്രമാണ് ഇയാൾ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. വീടിനു മുന്നിൽ ന്യൂസ് പേപ്പർ എടുക്കാതെ കിടക്കുന്നതായി കണ്ടാൽ ആളില്ല എന്നുറപ്പിച്ച് ആ വീട്ടിൽ മോഷണം നടത്തുന്നതാണ് ജയ്‌സന്റെ രീതി. ഇയാളുടെ പേരിൽ ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിൽ മോഷണ കേസുകൾ ഉണ്ട്. ചേലക്കരയിൽ നിന്നു മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ 52 ഗ്രാം സ്വർണവും 34000 രൂപയും പ്രതിയുടെ കൈയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

Leave a Reply