ലോകായുക്‌ത ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുന്നയിച്ചും വെല്ലുവിളിച്ചും ഡോ: കെ.ടി. ജലീല്‍

0

തിരുവനന്തപുരം : ലോകായുക്‌ത ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുന്നയിച്ചും വെല്ലുവിളിച്ചും മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഡോ: കെ.ടി. ജലീല്‍.
അഭയക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ്‌ കോട്ടൂരിനെ രക്ഷിക്കാന്‍ ബന്ധുകൂടിയായ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജലീല്‍ ആവര്‍ത്തിച്ചു. അതിനു കൃത്യമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഭയക്കേസിലെ പരാതിക്കാരന്‍ കൂടിയായിരുന്ന ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നേരത്തേ തന്നെ ഈ ആരോപണമുന്നയിച്ചിരുന്നതാണെന്ന്‌ ജലീല്‍ ചൂണ്ടിക്കാട്ടി. 13 വര്‍ഷമായി ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ ഈ വിഷയത്തില്‍ തുടരുന്ന മൗനം ഇപ്പോഴെങ്കിലും വെടിയണം. എന്താണ്‌ ഫാ. തോമസ്‌ കോട്ടൂരുമായി ബന്ധമെന്ന്‌ വെളിപ്പെടുത്തണം. ഒന്നുകില്‍ രാജി വയ്‌ക്കുക, അല്ലെങ്കില്‍ തനിക്കെതിരേ നിയമ നടപടിയെടുക്കുക, ഇതിലേതെങ്കിലുമൊന്ന്‌ ചെയ്യണമെന്നും ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫിനെ ജലീല്‍ വെല്ലുവിളിച്ചു.
2008-ല്‍ കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരിക്കെ, ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ ബംഗളുരുവിലെ നാര്‍കോ അനാലിസിസ്‌ ലാബില്‍ എത്തിയിരുന്നു. ഫാദര്‍ കോട്ടൂരിന്റെ നാര്‍കോ അനാലിസിസ്‌ പരിശോധനയെക്കുറിച്ച്‌ സംസാരിച്ചെന്നും ലാബിലെ അസിസ്‌റ്റന്റ്‌ ഡോ. എസ്‌. മാലിനി വ്യക്‌തമാക്കിയതായി അന്ന്‌ തന്നെ സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു. ഇത്‌ അന്ന്‌ തന്നെ വലിയ വാര്‍ത്തയായതാണ്‌്. ഇതിന്റെ സത്യാവസ്‌ഥ അദ്ദേഹം തുറന്നുപറയണം.
സിറിയക്‌ ജോസഫിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്‌ഠനാണ്‌ ഫാദര്‍ തോമസ്‌ കോട്ടൂര്‍. ന്യായാധിപന്‍ എന്ന നിലയിലുള്ള തന്റെ അധികാരം ദുരുപയോഗം ചെയ്‌തുകൊണ്ട്‌ സിറിയക്‌ ജോസഫ്‌ ഇടപെട്ടിട്ടുണ്ടെന്നതിന്റെ മറ്റു പല തെളിവുകളും ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ഇപ്പോള്‍ എഴുതികൊണ്ടിരിക്കുന്ന ആത്മകഥയിലുണ്ടെന്നും ജലീല്‍ പറഞ്ഞു.

Leave a Reply