ലോക്ഡൗണിൽ അരുമകൾ കൂട്ട്;ഇപ്പോൾ തെരുവിൽ ഒറ്റയ്ക്ക്

0

ഏതാനും ആഴ്ചമുമ്പ് തിരുവനന്തപുരം ഊരൂരുട്ടമ്പലത്ത് വെളുത്ത കാറിലെത്തിയവർ ലാബ്രഡോർ ഇനത്തിലുള്ള നായയെ റോഡിലിറക്കിയശേഷം ഓടിച്ചുപോയി. നായ കുറേദൂരം കാറിന്റെ പിന്നാലെയോടി. പിന്നെ ഇറക്കിവിട്ട സ്ഥലത്ത് വന്നുകിടന്നു. ചിലർ ഭക്ഷണം കൊടുത്തുനോക്കിയെങ്കിലും കഴിച്ചില്ല.

പി.ടി.പി. നഗറിൽ വാനിലെത്തിയവർ ഉപേക്ഷിച്ചത് ഒരു ക്രോസ് ബ്രീഡ് നായയെ. സമീപത്തുള്ളൊരു സ്ത്രീ നായയെ ഒരു കുടിവെള്ള പൈപ്പിൽ കയറ്റിക്കിടത്തി. പിറ്റേന്ന് അതിന് പത്തു കുഞ്ഞുങ്ങളുണ്ടായി. അമ്മയും കുഞ്ഞുങ്ങളും ഇപ്പോൾ ഷെൽറ്റർ ഹോമിൽ.

കേരളത്തിൽ ഉടമകൾ ഉപേക്ഷിക്കുന്ന അരുമകളുടെ എണ്ണത്തിൽ 70 ശതമാനത്തിലേറെ വർധനയുണ്ടായതായി പീപ്പിൾ ഫോർ ആനിമൽസ് എന്ന എൻ.ജി.ഒ.യുടെ പ്രവർത്തകർ പറയുന്നു. ലാബ്രഡോർ, ജർമൻ ഷെപ്പേഡ്, ഗ്രേറ്റ് ഡെയ്ൻ, ഡാഷ് ഹണ്ട്, ക്രോസ് ബ്രീഡ് ഇനത്തിൽപ്പെടുന്ന നായകളെയും പേർഷ്യൻ ഇനത്തിലുൾപ്പെടെയുള്ള പൂച്ചകളെയുമാണ് ഉടമസ്ഥർ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നത്.

കോവിഡ് കാലത്ത് വളർത്തുമൃഗങ്ങളെ വാങ്ങുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായിരുന്നു. എല്ലാം തുറന്നതോടെ, ലോക്‌ഡൗണിൽ കൂട്ടായിരുന്ന അരുമകൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നത് കൂടുകയാണ്. നോക്കാൻ ആളില്ലെന്ന പേരിലാണിത്. അസുഖം പിടിപെടുന്നതും ഉപേക്ഷിക്കാൻ കാരണമാകുന്നുണ്ട്.

വമൃഗങ്ങളെ ഏറ്റെടുക്കാമോ എന്നു ചോദിച്ച് ദിവസം നൂറിനടുത്ത് വിളി വരുന്നുണ്ടെന്ന് പീപ്പിൾസ് ഫോർ അനിമൽസ് ട്രസ്റ്റ് ബോർഡ് അംഗം ശ്രീദേവി എസ്. കർത്ത പറഞ്ഞു. ഉപേക്ഷിച്ച വളർത്തുമൃഗങ്ങളെ കണ്ടതായി പറഞ്ഞ് വിളികൾ വേറെയും എത്തുന്നുണ്ട്. പാർപ്പിക്കാൻ ഇടമില്ലാത്തതിനാൽ പി.എഫ്.എ.യുടെ തലസ്ഥാനത്തെ ഷെൽറ്റർ ഹോം മൂന്നുതവണ അടച്ചിടേണ്ടി വന്നു.

Leave a Reply