തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമാനനിയന്ത്രണങ്ങള്‍ ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണു നിയന്ത്രണങ്ങള്‍.
അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണം. ഇല്ലെങ്കില്‍ നിയമനടപടി കൈക്കൊള്ളുമെന്നു പോലീസ് അറിയിച്ചു.
സ്വകാര്യാശുപത്രികളില്‍ 50% കിടക്ക കോവിഡിന്
സ്വകാര്യാശുപത്രികളില്‍ 50% കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഐ.സി.യു, വെന്റിലേറ്റര്‍ ഉള്‍പ്പെടെ കോവിഡ് ചികിത്സയിലുള്ളവരുടെയും മറ്റ് രോഗികളുടെയും ്രപതിദിനക്കണക്ക് ഡി.എം.ഒമാര്‍ക്കു നല്‍കണം.
പാലിക്കാത്തവര്‍ക്കെതിരേ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെടുക്കും. സംസ്ഥാന റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രതിദിന അവലോകനയോഗത്തിലാണു തീരുമാനം.
സംസ്ഥാനത്തെ ഒന്നും രണ്ടും ഡോസ് കോവിഡ് വാക്സിനേഷന് 83 ശതമാനമാണ്. ഒരു ഡോസ് മാത്രമെങ്കില്‍ പൂര്‍ണ വാക്സിനേഷനായി കണക്കാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് ഇങ്ങനെ
ഹോട്ടലുകളും പഴം, പച്ചക്കറി, പലചരക്ക്, പാല്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ ഏഴുമുതല്‍ രാത്രി ഒന്പതുവരെ.
ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍/ഹോം ഡെലിവറി മാത്രം.
കള്ളുഷാപ്പുകള്‍ ഒഴികെയുള്ള മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.
കെ.എസ്.ആര്.ടി.സി. അവശ്യ സര്‍വീസുകള്‍ നടത്തും. പ്രധാനപാതകളിലും ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്േറ്റഷന് എന്നിവിടങ്ങളിലേക്കുമാകും യാത്രക്കാരുടെ എണ്ണമനുസരിച്ചുള്ള സര്‍വീസുകള്‍.
ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകളുണ്ടാകും. റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലുമെത്താന് ടാക്സി/സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കാം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്േറ്റാറുകളടക്കം ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണമില്ല.
തുറന്നുപ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍രേഖ കരുതണം.
നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.
രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിന് സ്വീകരിക്കാന്‍ പോകുന്നവര്‍, പരീക്ഷാര്‍ത്ഥികള്‍, റെയില്‍വേ സ്േറ്റഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്കു പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കു കൃത്യമായ രേഖകള്‍ സഹിതം യാത്രചെയ്യാം.
മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യചടങ്ങുകളില്‍ 20 പേര് മാത്രം.
ചരക്കുവാഹനങ്ങള്‍ക്കു തടസമില്ല. അടിയന്തരസാഹചര്യത്തില്‍ വര്ക്ഷോപ്പുകള് തുറക്കാം.