Sunday, September 26, 2021

മണ്ണൂർ -പോഞ്ഞാശ്ശേരി റോഡ് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കിഫ്ബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

Must Read

മണ്ണൂർ റോഡ് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കിഫ്ബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. 20 കോടിയോളം രൂപ ചെലവഴിച്ച് ബി.എം.ബി.സി. നിലവാരത്തിൽ പുനർനിർമിക്കുന്ന മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിന്റെ നിർമാണപുരോഗതി വിലയിരുത്താനെത്തിയതാണ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരെ രണ്ടുമണിക്കൂറോളം നാട്ടുകാർ തടഞ്ഞുനിർത്തി.

അടുത്തയാഴ്ച കൂടുതൽ ഉദ്യോഗസ്ഥരുമായെത്തി നിർമാണപുരോഗതി സംബന്ധിച്ച വ്യക്തത വരുത്താമെന്ന ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ ഇവരെ വിട്ടയച്ചത്. പൊതുമരാമത്ത് വകുപ്പ്, ജലഅതോറിറ്റി, ബി.എസ്.എൻ.എൽ., വൈദ്യുതി ബോർഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്തയോഗം ഇതിനായി വിളിച്ചുചേർക്കാമെന്നാണ് കിഫ്ബി ഉദ്യോഗസ്ഥർ ഉറപ്പു നൽകിയത്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡ് പണി ഇഴയുന്നതിന് പിന്നിലെന്ന ആക്ഷേപം വ്യാപകമാണ്.

മന്ത്രിയെത്തിയിട്ടും രക്ഷയില്ല

:രണ്ടുമാസം മുൻപ് പൊതുമരാമത്ത് വകുപ്പു മന്ത്രി പെരുമ്പാവൂർ, കുന്നത്തുനാട് എം.എൽ.എ.മാർക്കൊപ്പം സ്ഥലം സന്ദർശിച്ച് നിർമാണം വേഗത്തിലാക്കാമെന്ന് ഉറപ്പു നൽകിയതാണെങ്കിലും പണികളെല്ലാം പഴയപടിതന്നെ. പുനർനിർമാണത്തിന്റെ പേരിൽ മണ്ണൂർ ജങ്ഷനിൽ 200 മീറ്ററോളം ദൂരം നടക്കാൻ പോലും കഴിയാത്തവിധത്തിൽ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ കാനകൾ പോലും നിർമാണം പൂർത്തിയാക്കി സ്ലാബ് നിരത്താൻ കഴിഞ്ഞിട്ടില്ല. കോവിഡുണ്ടാക്കിയ പ്രതിസന്ധിക്കൊപ്പം ഇതുകൂടിയായതോടെ പകുതിയോളം വ്യാപാരസ്ഥാപനങ്ങൾ മാസങ്ങളായി തുറക്കുന്നില്ല. റോഡ് പുനർനിർമാണം തുടങ്ങിയ ഘട്ടത്തിൽ മണ്ണൂർ പാടശേഖരത്തിന് സമീപം വീതി കൂട്ടുന്നതിനായി നാട്ടുകാരും വ്യാപാരികളും ചേർന്ന് രണ്ടുലക്ഷം രൂപ ചെലവഴിച്ച് സ്ഥലം വാങ്ങി റോഡിനായി വിട്ടുനൽകിയതാണെന്ന് മർച്ചന്റ്‌സ് അസോ. പ്രസിഡന്റ് വിനോയ് സ്‌കറിയ പറഞ്ഞു. മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്‌കൂൾ, സെയ്ന്റ് ജോർജ് സ്‌കൂൾ, സെയ്ന്റ്‌ ജോർജ് പള്ളി എന്നിവയുടെ മുൻപിൽ ആറടിയോളം താഴ്ചയിൽ റോഡിനുവേണ്ടി താഴ്ത്തിയിട്ടിരിക്കുകയാണ്. എം.സി. റോഡിന് സമാന്തരമായി ഉപയോഗിക്കാവുന്ന മണ്ണൂർ മുതൽ പോഞ്ഞാശ്ശേരി വരെയുള്ള റോഡിന്റെ നിർമാണം തുടങ്ങിയിട്ട് മൂന്ന് കൊല്ലത്തോളമായെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്നവർക്ക് പെരുമ്പാവൂർ നഗരത്തിലെ തിരക്കിൽപ്പെടാതെ ആലുവയ്ക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. എറണാകുളത്ത് നിന്നുള്ള നിരവധി യാത്രക്കാരും നഗരത്തിലെ തിരക്കൊഴിവാക്കി പോകുന്നതിനായി മുൻപ് ഈ റൂട്ട് തിരഞ്ഞെടുത്തിരുന്നു.

Leave a Reply

Latest News

കോവിഡ് ജീവിതം പൂട്ടിയിട്ട നാളുകളിൽ കായിക പരിശീലകനെന്ന വേഷം കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്ക് പരിഹാരമാകില്ലെന്ന് കണ്ടതോടെ ആ കുപ്പായം അഴിച്ചുവെച്ച് കൃഷ്ണൻകുട്ടി ഓട്ടോ ഡ്രൈവറായി

കോവിഡ് ജീവിതം പൂട്ടിയിട്ട നാളുകളിൽ കായിക പരിശീലകനെന്ന വേഷം കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്ക് പരിഹാരമാകില്ലെന്ന് കണ്ടതോടെ ആ കുപ്പായം അഴിച്ചുവെച്ച് കൃഷ്ണൻകുട്ടി ഓട്ടോ ഡ്രൈവറായി. ആപ്പാഞ്ചിറ സ്റ്റാൻഡിലെ...

More News