Friday, July 30, 2021

വ്യാജ ആധാരം ഉപയോഗിച്ച് ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി; അതേ വസ്തുവും വീടും വ്യവസായിക്ക്‌ മറിച്ചുവിറ്റു; തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

Must Read

ചിറയിൻകീഴ്: വ്യാജ ആധാരം ഉപയോഗിച്ച് ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തിയശേഷം ഇൗടായി കാണിച്ച വസ്തുവും വീടും വ്യവസായിക്ക്‌ മറിച്ചുവിറ്റയാൾ അറസ്റ്റിൽ. ചിറയിൻകീഴ് ശാർക്കര സുമതിനിവാസിൽ ഡോ. സുധാകരൻ നായരെ(57)യാണ് തിരുവനന്തപുരത്തുനിന്ന്‌ ചിറയിൻകീഴ് പോലീസ് അറസ്റ്റുചെയ്തത്. വ്യവസായിയും ചിറയിൻകീഴ് സ്വദേശിയുമായ സിംസൺ, റീത്തഡെയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

രണ്ടുമാസം മുൻപാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കള്ളപ്രമാണം ചമച്ചശേഷം അതുസമർപ്പിച്ച് ബാങ്കിൽ നിന്നും 15 ലക്ഷം രൂപയാണ് സുധാകരൻ നായർ വായ്പയെടുത്തത്. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിനു സമീപമുള്ള 10 സെന്റ് വസ്തുവും വീടുമാണ് സിൻഡിക്കേറ്റ് ബാങ്കിന്റെ തിരുവനന്തപുരം പാളയം ബ്രാഞ്ചിൽ ഈടുവച്ച് വായ്പയെടുത്തത്. എന്നാൽ ഇതു മറച്ചുവച്ച് വസ്തുവും വീടും സിംസണ് 17 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തു. ബാങ്കിലെ ബാധ്യത അറിയാതെയാണ് സിംസൺ വസ്തു വാങ്ങിയത്.

വായ്പത്തുക തിരികെ അടയ്ക്കാത്തതിനാൽ ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചപ്പോഴാണ് കബളിപ്പിക്കൽ നടന്നത് പുറത്തറിഞ്ഞത്. വസ്തു വിറ്റനാൾ മുതൽ സുധാകരൻ നായർ ചെന്നൈയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ഇതിനിടെ ഇയാൾ തിരുവനന്തപുരം അമ്പലംമുക്കിലുള്ള ഒരു ഫ്ളാറ്റിൽ ഉണ്ടെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഡി.എസ്.സുനീഷ് ബാബുവിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റിലായത്.

എസ്.ഐ. വിനീഷ് കുമാർ, എ.എസ്.ഐ.മാരായ ഹരി, ബൈജു, ഷജീർ, സി.പി.ഒ. ആദർശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

സമാനരീതിയിൽ ഇയാൾ ധാരാളംപേരെ കബളിപ്പിച്ചിട്ടുള്ളതായും ഇങ്ങനെ കിട്ടുന്ന പണം സിനിമാ നിർമാണത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസിനും ചെലവഴിക്കുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതി ഇപ്രകാരം തട്ടിപ്പ് നടത്തിയതെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News