Friday, July 30, 2021

മദ്യവില്പനയും മഴയും, പിന്നാലെ സ്പിരിറ്റ് വിവാദവും; കള്ളുഷാപ്പുകളിൽ വിൽപ്പന കുത്തനെ ഇടിയുന്നു

Must Read

പാലക്കാട്: മദ്യവില്പനയും മഴയും ആരംഭിച്ചതിന് പിന്നാലെ സ്പിരിറ്റ് വിവാദവും കൊഴുത്തതോടെ കള്ളുഷാപ്പുകളിൽ വിൽപ്പന കുത്തനെ ഇടിയുന്നു. 100 ലിറ്റർവരെ കള്ള് വിറ്റിരുന്ന ഷാപ്പുകളിൽ 40ലിറ്റർപോലും കള്ള് വിറ്റുപോകുന്നില്ല. വടക്കഞ്ചേരി അണക്കപ്പാറയിൽ കള്ളിൽച്ചേർക്കാൻ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയ സംഭവവും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും കച്ചവടത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് ഷാപ്പുടമകൾ പറയുന്നത്.

മദ്യശാലകൾക്ക് പൂട്ടുവീണ ലോക്ഡൗൺകാലത്ത് കള്ളുവ്യവസായത്തിന് നേരിയ ഉണർവുണ്ടായിരുന്നു. പാർസൽവഴിയുള്ള വിൽപ്പനയാണെങ്കിലും ശരാശരി 100-150 ലിറ്റർ കള്ളെങ്കിലും ഒരുഷാപ്പിൽനിന്നും വിറ്റുപോയിരുന്നതായി കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി കെ.കെ. ഭഗീരഥൻ പറഞ്ഞു.

4,100 ഓളം കള്ളുഷാപ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ബീവറേജ് ഔട്ട് ലെറ്റുകൾ തുറന്ന് മദ്യലഭ്യത കൂടിയതോടെ ഷാപ്പുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. പിന്നാലെ മഴക്കാലംവന്നതോടെ വിൽപ്പന പകുതിയിലും താഴെയായി. അതിനിടെയാണ് അണക്കപ്പാറയിൽനിന്നും ജൂൺ-27ന് എക്‌സൈസ് സംഘം സ്പിരിറ്റ് പിടികൂടിയത്. തുടർന്ന്, കള്ളിൽ സ്പിരിറ്റ് ചേർക്കുന്നുണ്ടെന്ന അഭ്യൂഹം പരന്നതും ഷാപ്പുകളിലുണ്ടായ പരിശോധനയുമെല്ലാം കച്ചവടം വീണ്ടും കുറയാനിടയാക്കി. 10,000 മുതൽ 20,000 രൂപയുടെവരെ കച്ചവടംനടന്നിരുന്ന മിക്ക ഷാപ്പുകളിലും 4,000 രൂപയുടെ കച്ചവടംപോലുമില്ലെന്ന് വ്യവസായികൾ ചൂണ്ടിക്കാണിക്കുന്നു. നല്ലരീതിയിൽ കച്ചവടംനടത്തുന്നവരെയാണ് വിവാദങ്ങൾ കൂടുതൽ കഷ്ടത്തിലാക്കുന്നതെന്നും ഷാപ്പുടമകൾ പറഞ്ഞു.

വീര്യം കുറഞ്ഞതും കച്ചവടം കുറച്ചു

അണയ്ക്കപ്പാറയിൽ സ്പിരിറ്റ് കണ്ടെത്തിയതിന് പിന്നാലെ എക്‌സൈസ് സംഘം ഷാപ്പുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഏത് സമയത്തും പരിശോധനയുണ്ടാകാമെന്ന് ഭയന്ന് പല കച്ചവടക്കാരും കള്ളിന് വീര്യംകൂട്ടുന്നത് കുറച്ചു. സ്റ്റാർച്ച്, പഞ്ചസാരലായനി, പഴകിയകള്ള് തുടങ്ങിയവ ചേർത്താണ് വീര്യം വർധിപ്പിക്കുന്നത്. വീര്യം കുറഞ്ഞതോടെ, ആളുകൾ പഴയപോലെ കള്ളുഷാപ്പുകളിലേക്ക് പോകാതായെന്നാണ് എക്‌സൈസ് അധികൃതർ പറയുന്നത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News