കര്‍ണാടകയില്‍ ബീവറേജുകള്‍ അടച്ചിട്ടിട്ടും മദ്യം സുലഭം; കേരളത്തിലെത്തിച്ച 51.48 കര്‍ണാടക മദ്യം പിടികൂടി

0

മാനന്തവാടി: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂവിന്റെ ഭാഗമായി ബീവറേജ് ഷോപ്പുകള്‍ ആകെ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഞായറാഴ്ചകളിലും മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് എത്തിക്കുന്ന മദ്യം ഏറ്റുവാങ്ങാന്‍ കേരളത്തിലും ആളുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ വ്യാപക മദ്യവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 51.48 ലിറ്റര്‍ കര്‍ണാടകമദ്യവുമായി യുവാവ് അറസ്റ്റിലായി.

എച്ച്.ഡി കോട്ട താലൂക്കിലെ അന്തര്‍സന്ത സ്വദേശിയായ മണിയ (29) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്നു രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ബാവലി മസല്‍ സീമേ വീട്ടില്‍ മനോജ് (25), ബാവലി ദോഡമന വീട്ടില്‍ സുകു (32) എന്നിവരാണ് പരിശോധനക്കിടെ രക്ഷപ്പെട്ടതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊവിഡ് വാരാന്ത്യ കര്‍ഫ്യുവിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യ വില്‍പന ശാലകള്‍ അടച്ചിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. എക്‌സ്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നീ സംഘങ്ങളാണ് ബാവലിയില്‍ പരിശോധന നടത്തിയത്.

ഷാണമംഗലം ഭാഗത്ത് വെച്ചാണ് യുവാവ് പിടിയിലായത്. 476 പാക്കറ്റുകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു മദ്യം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി. ശശികുമാര്‍, പി.പി. ശിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, അമല്‍ദേവ്, അനില്‍, സുരേഷ്, എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Leave a Reply