ജീവിതത്തിൽ ചെയ്തുപോയ തെറ്റുകൾ തിരിച്ചുപോയി തിരുത്താം! ഗവേഷകർ പറയുന്നതിങ്ങനെ

0

ജീവിതത്തിൽ തെറ്റുകൾ ചെയ്തിട്ടുണെങ്കിൽ അത് ഭൂതകാലത്തിലേക്ക് പോയി തിരുത്തണമെന്ന് തോന്നിയിട്ടുള്ളവരാണ് നമ്മൾ ഓരോരുത്തരും. ടൈം ട്രാവല്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കിയാല്‍ ഇതും സാധ്യമാകും. സയന്‍സ് ഫിക്ഷന്‍ സിനിമകളിലൂടെയും നോവലുകളിലൂടെയും ജനപ്രിയമായ ടൈം ട്രാവല്‍ സാധ്യമാണെന്നാണ് ഇപ്പോൾ ഒരു കൂട്ടം ഗവേഷകർ വാദിക്കുന്നത്.

ഭൗതികശാസ്ത്രത്തില്‍ സ്ഥല- കാല ബോധത്തെ പരസ്പരം ബന്ധിപ്പിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം വഴിയാണ്. ഐന്‍സ്റ്റീന്‍ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും അതിന്റെ കുറവുകള്‍ വലിയ തോതില്‍ കണ്ടെത്താനായിട്ടില്ല. കാലം ചെല്ലും തോറും കൂടുതല്‍ കൃത്യതയോടെ തെളിഞ്ഞു വരുന്ന ആപേക്ഷികതാ സിദ്ധാന്തം തന്നെയാണ് ഇന്നും മനുഷ്യന്റെ പ്രപഞ്ച ബോധത്തിനുള്ള ഭൗതികശാസ്ത്ര അടിത്തറ.

ടൈം ട്രാവല്‍ എന്ന ആശയം അപ്രായോഗികമാണെന്ന് സൂചിപ്പിക്കുന്ന നിരവധി വാദങ്ങള്‍ നിലവിലുണ്ട്. ടൈം മെഷീന്‍ നിര്‍മിക്കുന്നതിന് നെഗറ്റീവ് എനര്‍ജിയുള്ള പദാര്‍ഥമാണ് വേണ്ടത്. നിത്യജീവിതത്തില്‍ നമ്മള്‍ ചുറ്റും കാണുന്നത് പൊസിറ്റീവ് എനര്‍ജിയുള്ള പദാര്‍ഥങ്ങളെയാണ്. എന്നാല്‍ ക്വാണ്ടം മെക്കാനിക്‌സിന്റെ വരവോടെ നെഗറ്റീവ് എനര്‍ജിയുള്ള പദാര്‍ഥങ്ങള്‍ സൈദ്ധാന്തികമായെങ്കിലും നിര്‍മിക്കുക സാധ്യമാണെന്ന് വന്നു. അപ്പോഴും വളരെ കുറഞ്ഞ അളവിലായിരുന്നു നെഗറ്റീവ് എനര്‍ജിയുള്ള പദാര്‍ഥങ്ങള്‍ നിര്‍മിക്കപ്പെട്ടത് എന്നതായിരുന്നു വെല്ലുവിളി.

സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ് പല ടൈം മെഷീന്‍ സാധ്യതകളും എന്നതാണ് മറ്റൊന്ന്. ഇത്തരത്തില്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ടൈം മെഷീനെ ചൊല്ലി ഉയരുന്നുണ്ട്. ഉദാഹരണത്തിന്, നമ്മള്‍ ടൈം മെഷീനില്‍ കയറി അഞ്ച് മിനിറ്റ് ഭൂതകാലത്തേക്ക് പോയെന്ന് കരുതുക. അതിന് ശേഷം ടൈം മെഷീന്‍ നശിപ്പിച്ചു കളഞ്ഞുവെന്നും കരുതുക. പിന്നീട് അഞ്ച് മിനിറ്റിന് ശേഷം നശിപ്പിച്ചു കളഞ്ഞ ടൈം മെഷീന്‍ വീണ്ടും ഉപയോഗിക്കുക എന്നത് അസാധ്യമായി മാറുന്നു.

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് ടൈം ട്രാവലിനെ അസാധ്യമായ സംഗതിയായാണ് കാണുന്നത്. അതേസമയം, മറ്റൊരു ഭൗതികശാസ്ത്രജ്ഞനായ ഇഗോര്‍ ദിമിത്രിയേവിച്ച് നോവികോവ് ടൈം ട്രാവല്‍ സാധ്യമാണെന്ന അഭിപ്രായക്കാരനാണ്. ഭൂതകാലത്തേക്ക് നമുക്ക് പോകാനാകും. എന്നാല്‍ സംഭവിച്ച കാര്യങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

ഈ വാദങ്ങളേയും സാധ്യതകളേയുമെല്ലാം വെല്ലുവിളിച്ചാണ് ബ്രോക്ക് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര അസിസ്റ്റന്റ് പ്രെഫസറായ ബരാക് ശൊശാനിയും വിദ്യാര്‍ഥികള്‍ തങ്ങളുടെ ആശയം അവതരിപ്പിക്കുന്നത്. ടൈം മെഷീന്‍ എന്നത് സാധ്യമാണെങ്കില്‍ ഒരേസമയം നിരവധി ജീവിതകാലങ്ങളിലേക്ക് പ്രവേശിക്കാന്‍ നമുക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ടൈം മെഷീന്‍ വഴി അഞ്ച് മിനിറ്റ് പിന്നിലേക്കോ അഞ്ച് ദിവസം പിന്നിലേക്കോ പോയാല്‍ ഇത് രണ്ടും വ്യത്യസ്ത ജീവിതകാലമായിരിക്കും.

നിരവധി ജീവിതകാലങ്ങളുള്ളതു കൊണ്ടുതന്നെ ഭൂതകാലത്തില്‍ പോയി ടൈം മെഷീന്‍ നശിപ്പിക്കാനാവും. എന്നാല്‍, ഞാന്‍ വന്ന യഥാര്‍ഥ ജീവിതകാലത്തില്‍ മാറ്റങ്ങളൊന്നും സംഭവിക്കുകയുമില്ല. യഥാര്‍ഥ ജീവിതകാലത്തിലെ ടൈം മെഷീന്‍ തകര്‍ക്കാനാവില്ല. എന്നാല്‍ ഭൂതകാലത്തിലേക്ക് പോയുള്ള പുതിയ ജീവിതകാലത്തില്‍ ടൈം മെഷീന്‍ തകര്‍ക്കാനുമാവും. അതുകൊണ്ടുതന്നെ ഇതില്‍ പ്രത്യേകിച്ച് ആശയക്കുഴപ്പമില്ലെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here