Monday, December 6, 2021

പാഠം ഒന്ന് ജാഗ്രത; സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്ക്‌ ഇന്നു പുതു പിറവി

Must Read

പാഠം ഒന്ന് ജാഗ്രത; സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്ക്‌ ഇന്നു പുതു പിറവി. നേരിട്ടുള്ള അധ്യയനം ഇന്നു തുടങ്ങുകയാണ്‌. രക്ഷിതാക്കളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ലെങ്കിലും കുട്ടികള്‍ ആവേശത്തിലാണ്‌. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവേശനോത്സവം ഗംഭീരമാക്കാനാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരുക്കം.
ഇന്നു സംസ്‌ഥാനത്തെ സംബന്ധിച്ച്‌ സുപ്രധാന ദിവസമാണെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശങ്കയില്ലാതെ എല്ലാവര്‍ക്കും സ്‌കൂളുകളിലെത്താമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ്‌ ഒപ്പമുണ്ടാകുമെന്നു മന്ത്രി വീണാ ജോര്‍ജ്‌ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ സന്തോഷത്തിനിടയിലും കോവിഡ്‌ ഭീതി നിലനില്‍ക്കുന്നതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിനും കോവിഡ്‌ പ്രതിരോധത്തിനുമാകും പ്രാധാന്യം നല്‍കുക.
സംസ്‌ഥാനത്ത്‌ 15,452 സ്‌കൂളുകളിലായി 42.27 ലക്ഷം കുട്ടികളും ഒരുലക്ഷം അധ്യാപകരും 25,000 അനധ്യാപകരുമാണുള്ളത്‌. വെള്ളപ്പൊക്കബാധിത മേഖലകളിലേത്‌ ഒഴികെയുള്ള സ്‌കൂളുകളാണ്‌ ഇന്നു തുറക്കുക. ഓരോ സ്‌കൂളിലും ഒരു ദിവസം മൂന്നിലൊന്നു കുട്ടികള്‍ മാത്രം എത്തുന്ന വിധത്തിലാണു ടൈംടേബിള്‍ ക്രമീകരണം. മറ്റു കുട്ടികള്‍ക്ക്‌ ഓണ്‍ലൈന്‍ പഠനം തുടരും. കോവിഡ്‌ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ആദ്യ രണ്ടാഴ്‌ച സ്‌കൂളില്‍ എത്തേണ്ടെന്നു നിര്‍ദേശിച്ചിട്ടുണ്ട്‌.
്രൈപമറി, 10, പ്ലസ്‌ ടു ക്ലാസുകളാണ്‌ ആദ്യം തുറക്കുന്നത്‌. രണ്ടാംഘട്ടമായി 15-ന്‌ എട്ട്‌, ഒന്‍പത്‌ ക്ലാസുകള്‍ തുറക്കും. ക്ലാസില്‍ നേരിട്ടെത്താത്തത്‌ അയോഗ്യതയായി കാണില്ല. നേരിട്ടു വരാന്‍ തയാറല്ലാത്തവര്‍ക്ക്‌ ഡിജിറ്റല്‍ പഠനം തുടരാം. ഭിന്നശേഷിക്കാരുടെ ക്ലാസുകളുടെ കാര്യത്തില്‍ രണ്ടാഴ്‌ചയ്‌ക്കു ശേഷം തീരുമാനമെടുക്കും. ആദിവാസി മേഖലയില്‍ ക്ലാസ്‌ മുറികള്‍ക്കും ഡിജിറ്റല്‍ ക്ലാസുകള്‍ക്കും പുറത്തായവരെ തിരികെയെത്തിക്കാന്‍ പ്രത്യേകം പദ്ധതിയാവിഷ്‌കരിക്കുന്നുണ്ട്‌.
സംസ്‌ഥാനതല പ്രവേശനോത്സവം തലസ്‌ഥാനത്ത്‌ കോട്ടണ്‍ഹില്‍ യു.പി. സ്‌കൂളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ രാവിലെ 8.30ന്‌ നടക്കും. രണ്ടാഴ്‌ച ഹാജര്‍ രേഖപ്പെടുത്തുകയോ ഗൗരവത്തോടെയുള്ള പഠനം നടത്തുകയോ ഇല്ലെന്നു മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. കുട്ടികളുടെ ശരീരോഷ്‌മാവ്‌ പരിശോധിക്കാന്‍ 24,300 തെര്‍മല്‍ സ്‌കാനര്‍ സ്‌കൂളുകള്‍ക്ക്‌ വിതരണം ചെയ്‌തിട്ടുണ്ട്‌. സോപ്പ്‌, ഹാന്‍ഡ്‌ വാഷ്‌, ബക്കറ്റ്‌ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കി.
അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഉറപ്പാക്കണമെന്നു മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെയോ ദിശയുടെ 104, 1056, 0471 2552056, 2551056 നമ്പരുകളിലോ ഇ-സഞ്‌ജീവനിയുമായോ ബന്ധപ്പെടാം. കോവിഡ്‌ പ്രതിരോധത്തെക്കുറിച്ച്‌ അധ്യാപകര്‍ കുട്ടികളെ ഓര്‍മിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു

Leave a Reply

Latest News

മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കി;തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

വയനാട്; തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു.മരത്തിന് മുകളിലുണ്ടായിരുന്ന...

More News