തിരുവനന്തപുരം: പതിനെട്ട് മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിനു തുടക്കമാകുക. രണ്ടു ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം.
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കുശേഷം സഭ പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭയില്ല. മാര്‍ച്ച് 11 ന് സംസ്ഥാന ബജറ്റ്. ലോകായുക്ത ഓര്‍ഡിന്‍സ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാര്‍ച്ച് ആദ്യവാരം സി.പി.എം. സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണു രണ്ടുഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.
വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസുകളുടെ ഓട്ടോമേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റിക്ക് സെപ്റ്റേജ് സംസ്കരണ പ്ലാന്റ് സ്ഥാപിക്കല്‍, കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമ പഞ്ചായത്തില്‍ സ്വീവേജ് സംസ്കരണ പ്ലാന്റ് സ്ഥാപിക്കല്‍ തുടങ്ങിയ നിദ്ദേശങ്ങള്‍ 27.67 കോടി രൂപ ചെലവില്‍ ആര്.കെ.ഐയ്ക്ക് കീഴില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനു തത്വത്തില്‍ അംഗീകാരം നല്കി. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന കരട് മാര്‍ഗ രേഖയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നല്കി.