അനിശ്‌ചിതമായി നീളുന്ന ശമ്പള വിതരണം ഉള്‍പ്പെടെ കെ.എസ്‌.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ആവശ്യപ്പെട്ട്‌ ഇടതു തൊഴിലാളി സംഘടനകള്‍

0

തിരുവനന്തപുരം : അനിശ്‌ചിതമായി നീളുന്ന ശമ്പള വിതരണം ഉള്‍പ്പെടെ കെ.എസ്‌.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ആവശ്യപ്പെട്ട്‌ ഇടതു തൊഴിലാളി സംഘടനകള്‍. ഇക്കാര്യം ആവശ്യപ്പെട്ട്‌ സി.ഐ.ടി.യു, എ.ഐ.ടി.യു.സി. അനുകൂല സംഘടനകള്‍ രംഗത്ത്‌ വന്നു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ട്‌ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍.
അതേസമയം, കെ.എസ്‌.ആര്‍.ടി.സി. വിഷയത്തില്‍ മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയുമായി ഇന്നലെ ചര്‍ച്ച നടത്തി. സ്‌ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥയും തൊഴിലാളികളുടെ പ്രതിഷേധവും ചര്‍ച്ച ചെയ്‌തു. തൊഴിലാളികളെ പ്രകോപിപ്പിക്കരുതെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണു സൂചന. എന്നിട്ടും ജീവനക്കാരുടെ പണിമുടക്കില്‍ മന്ത്രിയുടെ കലിപ്പ്‌ തീര്‍ന്നിട്ടില്ല. ശമ്പളക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പ്‌ വിശ്വസിക്കാതെ പണിമുടക്കിയവര്‍ തന്നെ പ്രതിസന്ധി പരിഹരിക്കണമെന്നും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കാമെന്ന്‌ ആരും കരുതേണ്ടെന്നും ഇന്നലെ മന്ത്രി ആന്റണി രാജു ജീവനക്കാര്‍ക്ക്‌ മുന്നറിയിപ്പു നല്‍കി.

ഇന്നു മുതല്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ അനുകൂല സംഘടന ടി.ഡി.എഫിന്റെ തീരുമാനം. കടുത്ത നിലപാടുകളിലേക്കോ പണിമുടക്കിലോക്കോ മറ്റ്‌ യൂണിയനുകളും പോകില്ല. ജീവനക്കാരെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും കെ.എസ്‌.ആര്‍.ടി.സി. സ്വകാര്യസ്‌ഥാപനമല്ലെന്ന്‌ ഓര്‍ക്കണമെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ പ്രതികരിച്ചു. ഈ മാസം 20 ന്‌ ശമ്പളം നല്‍കുമെന്നാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ അനൗദ്യോഗിക ഉറപ്പ്‌. സഹകരണ ബാങ്കുകളില്‍നിന്നുള്‍പ്പെടെ വായ്‌പ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്‌ മാനേജ്‌മെന്റ്‌. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ കൂടുതല്‍ തുക ഈ മാസംകൂടി ധനവകുപ്പില്‍നിന്നു ലഭിക്കാനും സാധ്യതയുമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here