ആപ്പിളിനെ മറികടന്ന് കുതിപ്പ്; സൗദി അരാംകോ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി 

0

 
റിയാദ്: വിപണി മൂല്യത്തില്‍ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ഉയര്‍ന്ന് സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോ. ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനി കൂടിയായ സൗദി അരാംകോ മറികടന്നത്. ചൊവ്വാഴ്ച അരാംകോ കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നതോടെയാണ് ഈ നേട്ടം.

ഓഹരിയുടെ വില വര്‍ധിച്ചതോടെ അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ആപ്പിളിന്റെ വിപണി മൂല്യം ഇതേ സമയം 2.461 ട്രില്യണ്‍ ഡോളറാണ്. 

1.979 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റാണ് ഈ പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. വിപണി മൂല്യത്തില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ഒരേയൊരു അമേരിക്കന്‍ ഇതര കമ്പനി കൂടിയാണ് സൗദി അരാംകോ. ആല്‍ഫബറ്റ്, ആമസോണ്‍, ടെസ്‌ല, ബെര്‍ക്ഷെയര്‍ ഹതാവേ, മെറ്റാ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, യുണൈറ്റഡ് ഹെല്‍ത്ത് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 
ഈ വര്‍ഷം ജനുവരി രണ്ട് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 30 ശതമാനത്തോളം വര്‍ധനയാണ് അരാംകോ ഓഹരികള്‍ക്കുണ്ടായത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചത് അരാംകോയുടെ മൂല്യമുയരുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here