കുവൈത്തിലെ സര്‍ക്കാര്‍ സ്‍കൂള്‍ അധ്യാപിക അറസ്റ്റിൽ

0

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ സ്‍കൂള്‍ അധ്യാപിക അറസ്റ്റിൽ. ഭിക്ഷാടനം നടത്തുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഈജിപ്‍ഷ്യല്‍ സ്വദേശിനിയായ കെമിസ്‍ട്രി അധ്യാപികയാണ് ഭിക്ഷാടനം നടത്തുന്നതിനിടെ പിടിയിലായത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും നടപടികള്‍ പൂര്‍ത്തിയാക്കി കുവൈത്തില്‍ നിന്ന് നാടുകടത്തുകയും ചെയ്‍തു.

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ഉയര്‍ന്ന ശമ്പളത്തോടെ 18 വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്ന അധ്യാപികയാണ് അറസ്റ്റിലായത്. 50 വയസുകാരിയായ ഇവരുടെ ഭര്‍ത്താവും കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ അധ്യാപകനാണ്. ദമ്പതികളുടെ മക്കള്‍ രാജ്യത്തെ സര്‍ക്കാര്‍ സ്‍കൂളുകളിലാണ് പഠിക്കുന്നത്. രാജ്യത്തെ പള്ളികളിലും കടകളിലുമാണ് ഇവര്‍ യാചന നടത്തി വന്നിരുന്നത്.

ഭിക്ഷാടനം സംബന്ധിച്ച് ഒരു കുവൈത്ത് പൗരന്‍ നല്‍കിയ പരാതി പിന്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. മുഖം മറച്ചും തിരിച്ചറിയപ്പെടാത്ത തരത്തില്‍ സംശയകരമായ വസ്‍ത്രം ധരിച്ചുമായിരുന്നു ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോഴാണ് ദീര്‍ഘനാളായി സര്‍ക്കാര്‍ സ്‍കൂളിലെ അധ്യാപികയാണെന്ന് തിരിച്ചറിഞ്ഞത്.
തങ്ങള്‍ക്ക് ചില കുടുംബ പ്രശ്‍നങ്ങളുണ്ടെന്നും സാമ്പത്തിക പരാധീനതകളുണ്ടെന്നും ചോദ്യം ചെയ്യലില്‍ അധ്യാപിക വാദിച്ചു. എന്നാല്‍ ഇതും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മികച്ച സാമ്പത്തിക ചുറ്റുപാടിലാണ് കുടുംബം ജീവിക്കുന്നതെന്നും നാട്ടില്‍ കെട്ടിടങ്ങളും വസ്‍തുവകകളും ഇവര്‍ക്കുണ്ടെന്നും അന്വേഷണത്തില്‍ തെളി‌ഞ്ഞു. കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഭിക്ഷാടനം നടത്തിയതെന്ന് വ്യക്തമായി.

അധ്യാപക ജോലിയുടെ പ്രാധാന്യവും രാജ്യത്തെ നിയമങ്ങളുടെ ലംഘനവും കണക്കിലെടുത്ത് ഇവരെ നാടുകടത്താനായി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാലെ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തുനിന്ന് കഴിഞ്ഞ ദിവസം നാടുകടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here