കാക്കക്കൂട്ടിൽ മുട്ടയിട്ട് കുയിലമ്മ മടുത്തു; എന്നും കുയിലിനെ മാത്രം പറ്റിച്ചാൽ പോരല്ലോ; പണി കിട്ടിയത് കരിയിലക്കാടക്ക്; കുയിലിൻ്റെ കുഞ്ഞിന് തീറ്റ കൊടുത്ത് കൊടുത്ത് മടുത്തു

0

കാക്കക്കൂട്ടിൽ മുട്ടയിട്ട് കുയിലമ്മ മടുത്തു. എന്നും കുയിലിനെ മാത്രം പറ്റിച്ചാൽ പോരല്ലോ. മക്കളെ പൊന്നുപോലെ നോക്കുന്ന വേറൊരു അമ്മയെ കണ്ടെത്തി.
മറ്റു മുട്ടകളോടൊപ്പം കുയിലിന്റെ മുട്ടയും അടയിരുന്ന് വിരിയിച്ച് തീറ്റിപ്പോറ്റേണ്ട ചുമതലയും മറ്റു പക്ഷികളാണ് ഏറ്റെടുക്കുന്നത്. അത്തരത്തിലൊരു കാഴ്ചയാണ് മുള്ളേരിയ തലബയൽ ഗ്രാമത്തിൽനിന്ന് പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സി.ഹർഷിത്ത് പകർത്തിയത്. തന്റെ വീടിന് ചുറ്റും രണ്ടാഴ്ചയായി കറങ്ങിനടന്ന കരിയിലപ്പക്ഷിയെ നിരീക്ഷിക്കുന്നതിനിടെയാണ് ചിത്രം പകർത്തിയത്.

കാക്കക്കൂടുകളിലാണ് കുയിൽ മുട്ടയിടുകയെന്നാണ് കേട്ടുകേൾവി. എന്നാൽ കുയിൽവർഗത്തിൽപ്പെട്ട പക്ഷികൾ ഏതുപക്ഷിയുടെ കൂട്ടിലും മുട്ടയിടും. ഇത്തരക്കാർ സ്വന്തമായി കൂടുണ്ടാക്കുകയോ അടയിരുന്ന് മുട്ട വിരിയിക്കുകയോ ചെയ്യാറില്ല.

ഇത്തവണ കുയിൽ മുട്ടയിട്ടത് കരിയിലപ്പിട അഥവാ കരിയിലപ്പക്ഷി (ജംഗിൾ ബാർബർ) എന്ന പക്ഷിയുടെ കൂട്ടിലാണ്. ‘പേക്കുയിൽ’ അഥവാ കോമൺ ഹോക്ക് കുക്കു എന്ന വിരുതനാണ് മുട്ടയിട്ട് കടന്നുകളഞ്ഞത്.

കുറ്റിക്കാടുകൾക്കിടയിൽ കൂടുകൂട്ടുന്ന കരിയിലപ്പക്ഷിയുടെ കൂടാണ് ഇത്തവണ കുയിൽ തിരഞ്ഞെടുത്തത്. മുട്ടയിട്ട് മുങ്ങിയതോടെ അടയിരിക്കേണ്ടതും കുഞ്ഞുങ്ങളെ വളർത്തേണ്ടതും കരിയിലപ്പക്ഷിയുടെ തലയിലുമായി.

കരിയിലപ്പക്ഷിയുടെ മുട്ടയോടൊപ്പം കുയിൽമുട്ടയും വിരിഞ്ഞു. സ്വന്തം കുഞ്ഞെന്ന് കരുതി സംരക്ഷിക്കുകയും തീറ്റനല്കുകയും ചെയ്തു. എന്നാൽ വളർന്നപ്പോൾ അമ്മക്കിളിയേക്കാളും വലിപ്പമുള്ള പക്ഷിയായി കുയിൽ മാറുകയായിരുന്നു.

കൂടുതൽ ഭക്ഷണവും നൽകണം. സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സമയവും അധ്വാനവും കുയിൽക്കുഞ്ഞിനെ പോറ്റുന്നതിന് ഈ കരിയിലപ്പക്ഷി ചെലവഴിക്കുന്നുണ്ട്.

Leave a Reply