കൊച്ചി : എറണാകുളം ജില്ലയിലെ കുട്ടമ്പുഴയുടെ കാനന സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും ആസ്വദിക്കാൻ കുടുംബശ്രീ അവസരമൊരുക്കുന്നു. പഞ്ചായത്തിലെ എസ്. ടി കുടുംബശ്രീ സംരംഭമായ “സഹ്യ ” യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന യാത്രാ പദ്ധതിയായ “കുട്ടമ്പുഴ ജംഗിൾ സഫാരി” യാണ് സന്ദർശകരെ കുട്ടമ്പുഴയിലേക്ക് സ്വീകരിക്കുന്നത്.
വനത്തിനുള്ളിലൂടെ കാൽ നടയായി നടന്നു തന്നെ വന സൗന്ദര്യം ആസ്വദിക്കാമെന്നതാണ് യാത്രയുടെ പ്രത്യേകത. ഓലമേഞ്ഞ കുടിലിൽ ഒരുക്കിയ ഭക്ഷണവും ഏറുമാടത്തിനു മുകളിലെ വിശ്രമവും തടാകത്തിലെ വഞ്ചി തുഴയലും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ട്രക്കിംഗിനും, പുഴയിൽ നീന്തിക്കുളിക്കാനും, മീൻ പിടിക്കാനും പങ്കുചേരാം.
കുട്ടമ്പുഴയിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ മുനിയറ, വന ദുർഗാക്ഷേത്രം, ആനക്കയം ബീച്ച്, ആനത്താര എന്നിവിടങ്ങളിലും ചുറ്റിക്കറങ്ങാം. ആറ് പേരടങ്ങുന്ന സംഘത്തിന് 5000 രൂപയാണ് സഫാരി പാക്കേജ്. കുട്ടമ്പുഴ ജംഗിൾ സഫാരിയുടെ ലോംഞ്ചിംഗ് ജില്ലാ കളക്ടർ എസ് സുഹാസ് നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9446036768.
English summary
Kudumbasree provides an opportunity to enjoy the forest beauty and cultural diversity of Kuttampuzha