കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിലെ പീഡന പരാതിയിൽ ഡ്രൈവറെ സസ്പെൻഡ്‌ ചെയ്യും; നടപടി ഷാജഹാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന്

0

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ നടപടി. ഡ്രൈവറെ സസ്പെൻഡ്‌ ചെയ്യാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയ്ക്ക് നിർദേശം നൽകിയത്.

കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഡ്രൈവർ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെൺകുട്ടിയാണ് കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.

പരാതി പ്രകാരമുള്ള സംഭവം ഇങ്ങനെ, ബസിന്റെ ജനൽ പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവർ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.

ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങൾ കാട്ടി പെൺകുട്ടി കെഎസ്ആർടിസി വിജിലൻസിന് ഇമെയിൽ വഴി പരാതി നൽകി. വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. പിജി വിദ്യാർത്ഥിയായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടത്. പീഡന പരാതി ആയതിനാൽ പൊലീസിന് കൈമാറണോ എന്നതിൽ വ്യക്തത വരുത്താൻ നിയമോപദേശം തേടിയിരിക്കുകയാണ് കെ എസ്ആർടിസി. ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികൾ കിട്ടിയിട്ടുണ്ട്. സ്ത്രീകളായ യാത്രക്കാരോട് മോശമായി പെരുമാറിയതിന് സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ നേരിട്ടുണ്ട്.

അതേസമയം, ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഡ്രൈവർ ഷാജഹാന്റെ വിശദീകരണം. പരാതിയിലുളളത് കള്ളത്തരങ്ങളാണെന്നാണ് ഷാജഹാന്‍ പറയുന്നത്. പരാതിയിൽ പുലർച്ചെ മൂന്ന് മണിക്കാണ് കൃഷ്ണഗിരിയിൽ ബസ് എത്തിയതെന്നാണ് പറയുന്നത്. എന്നാൽ ആറരക്കാണ് ബസ് അവിടെ എത്തിയത്. സ്വകാര്യ ബസ് ലോബിയും രാഷ്ട്രീയ ഉദ്ദേശങ്ങളുമാണ് പരാതിക്ക് പിന്നിലെന്നും ഷാജഹാൻ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here