Sunday, December 5, 2021

നല്ലരീതിയിൽ നടക്കുന്ന സ്ഥാപനത്തെ എങ്ങനെ പൂട്ടിക്കാമെന്ന ഗവേഷണമാണ് കെ.എസ്.ആർ.ടി.സി. പത്തനംതിട്ട ഡിപ്പോയിൽ നടക്കുന്നത്

Must Read

നല്ലരീതിയിൽ നടക്കുന്ന സ്ഥാപനത്തെ എങ്ങനെ പൂട്ടിക്കാമെന്ന ഗവേഷണമാണ് കെ.എസ്.ആർ.ടി.സി. പത്തനംതിട്ട ഡിപ്പോയിൽ നടക്കുന്നത്. ഒരുദിവസം മികച്ച വരുമാനം കിട്ടിയ ബസിനെ അടുത്ത ദിവസം വഴി തിരിച്ചുവിടും. അതോടെ ആ സർവീസിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും. അതിനുശേഷം വരുമാനമില്ലെന്ന് നീട്ടിയെഴുതി ചീഫ് ഓഫീസിലേക്ക് അയയ്ക്കും. പിന്നാലെ നിർത്തിക്കൊള്ളാനുള്ള ഉത്തരവും വരും. ഇതാണ് ഡിപ്പോയിൽ മാസങ്ങളായി നടക്കുന്നത്. ചെയിൻ സർവീസുകൾ പൊട്ടിക്കുകയാണ് ഡിപ്പോയുടെ ഇപ്പോഴത്തെ ഇഷ്ടവിനോദം.

ഒാഫീസുമായി അടുപ്പം സൂക്ഷിക്കുന്ന സംഘങ്ങളാണ് ഇതിനുപിന്നിലെന്ന് ജീവനക്കാർ തന്നെ ആരോപിക്കുന്നു. സ്വകാര്യ ബസ് ലോബിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇൗ സംഘം ചെയിൻ സർവീസുള്ള റൂട്ടുകളെ ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇക്കൂട്ടരിൽ ചിലർ സ്റ്റാൻഡിലെത്തി ആർ.ടി.സി.ബസിന്റെ സമയം ചോദിച്ചറിയുകയും മൈക്ക് അനൗൺസ്‌മെന്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.

ചീഫ് ഓഫീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ആണിതെന്ന് ആരോപണമുണ്ട്. ആർ.ടി.സി.ബസിന്റെ സമയം അറിഞ്ഞ ശേഷം ഇൗ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്.

പിന്നാലെ സ്വകാര്യ ബസ്‌സ്റ്റാൻഡിൽനിന്നുള്ള മൈക്ക് അനൗൺസ്‌മെന്റ് വരുന്നതോടെ ആർ.ടി.സി.സ്റ്റാൻഡിലിരുന്ന മുഴുവൻ പേരും അങ്ങോട്ടേക്കുപോകും. പിന്നീട് സ്വകാര്യ ബസ് പോയശേഷമാണ് കെ.എസ്.ആർ.ടി.സി.യുടെ ബസ്‌ പുറപ്പെടുക.

അടൂർ-ആങ്ങമൂഴിയും പത്തനംതിട്ട-ചെങ്ങന്നൂരും പൊട്ടിക്കാൻ ശ്രമം

ഡിപ്പോയ്ക്ക് മികച്ച വരുമാനം നേടിത്തന്നിരുന്ന സർവീസുകളെല്ലാം വഴിപാടുപോലെയാണ് ഇപ്പോൾ നടത്തുന്നത്. അടൂർ-ആങ്ങമുഴി സർവീസും പത്തനംതിട്ട-ചെങ്ങന്നൂർ സർവീസുമെല്ലാം നിർത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇൗ സംഘം. പത്തനംതിട്ട-ആറന്മുള വഴി ചെങ്ങന്നൂർ സർവീസ് നാലായിരുന്നത് ഇവരുടെ ശ്രമഫലമായി ഒന്നായി ചുരുങ്ങി. പത്തനംതിട്ട-ഇലവുംതിട്ട വഴി ചെങ്ങന്നൂരും നാല് സർവീസായിരുന്നു ഉണ്ടായിരുന്നത്. അത് രണ്ടാക്കി ചുരുക്കി.

സ്വകാര്യ ബസുകൾ അധികം ഇല്ലാത്ത ഇൗ റൂട്ട് കെ.എസ്.ആർ.ടി.സി.ക്ക്‌ എപ്പോഴും മികച്ച വരുമാനം നേടിത്തന്നിരുന്നതാണ്. ഇൗ സർവീസാണ് രണ്ടാക്കി വെട്ടിയത്. അതേസമയം ചെങ്ങന്നൂർ ഡിപ്പോയിലെ ബസുകളെല്ലാം കൃത്യമായി ഓടുന്നുണ്ടുതാനും. അടൂർ-ആങ്ങമുഴിക്കും ഇതേ അവസ്ഥയാണുള്ളത്. തുടക്കത്തിൽ പത്തനംതിട്ടയിൽനിന്നും അടൂരിൽനിന്നും അഞ്ചുവീതം ബസുകളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ രണ്ടിൽ താഴെയാണ് ഒാടുന്നത്. അതും മിക്കപ്പോഴും സമയക്രമം പാലിക്കാറുമില്ല. അഞ്ചുവീതം ബസുകൾ ഓടിയിരുന്ന പത്തനംതിട്ട-പുനലൂർ സർവീസും ഭീഷണി നേരിടുന്നുണ്ട്. പത്തനംതിട്ട-മുണ്ടക്കയത്തിനും ഭീഷണിയുണ്ട്. കെ.എസ്.ആർ.ടി.സി. പിൻവലിയുന്ന ഇൗ റൂട്ടുകളിലെല്ലാം അധികം സ്വകാര്യ ബസുകൾ എത്തുന്നുമുണ്ട്

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News