ബസ് തട്ടി യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

0

പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സിഎല്‍ ഔസേപ്പിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഔസേപ്പിനെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തിങ്കളാഴ്ച പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് ആദര്‍ശ്, സബിത്ത് എന്നീ യുവാക്കള്‍ മരിച്ചത്. ബസ് ബൈക്കില്‍ തട്ടി യുവാക്കള്‍ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ബസ് വലത്തോട്ടു വെട്ടിക്കുന്നതു വ്യക്തമായിരുന്നു. ഇതു പുറത്തുവന്നതിനു പിന്നാലെയാണ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തത്.

അതിനിടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ രംഗത്തുവന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ബസ് തട്ടി അപകടമുണ്ടായതെന്നും ബന്ധുക്കള്‍ ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ടുപോവുമെന്നും ഇവര്‍ പറഞ്ഞു.

Leave a Reply