Sunday, November 28, 2021

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലൂടെ മറുകര എത്തിക്കാൻ ശ്രമിച്ചു വിവാദത്തിലായ കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ എന്ന ജയനാശാൻ കെഎസ്ആർടിസിക്കെതിരേ രൂക്ഷവിമർശനവുമായി വീണ്ടും രംഗത്ത്

Must Read

പൂഞ്ഞാർ: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലൂടെ മറുകര എത്തിക്കാൻ ശ്രമിച്ചു വിവാദത്തിലായ കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ എന്ന ജയനാശാൻ കെഎസ്ആർടിസിക്കെതിരേ രൂക്ഷവിമർശനവുമായി വീണ്ടും രംഗത്ത്.

പൂഞ്ഞാർ ഫൊറോന പള്ളിയുടെ മുൻവശത്ത് വൻ വെള്ളക്കെട്ടിലൂടെ വണ്ടി മറുകരയെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ വണ്ടിനിന്നു പോവുകയും യാത്രയ്ക്കാർ നീന്തി രക്ഷപ്പെടുകയുമായിരുന്നു. വണ്ടിയുടെ പകുതിയിലേറെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതേത്തുടർന്നു ജയദീപിനെ കെഎസ്ആർടിസി എംഡി സസ്പെൻഡ് ചെയ്തിരുന്നു.

തൊട്ടുപിന്നാലെ ജയദീപിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയതായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റും അറിയിച്ചു. യാത്രക്കാരുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു ഡ്രൈവർ ജയദീപിന്‍റെ വാദം. എന്നാൽ, ഇത് അംഗീകരിക്കാതെയാണ് സസ്പെൻഷൻ വന്നത്. യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിലും വണ്ടിക്കു തകരാർ വരുന്ന വിധത്തിലും ഓടിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു സസ്പെൻഷൻ.

എന്നാൽ, കടുത്ത പരിഹാസത്തോടെയാണ് സസ്പെൻഷനെ ജയനാശാൻ നേരിട്ടത്. അന്നു വൈകിട്ടു തന്നെ കെഎസ്ആർടിസി അധികൃതരെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എപ്പോഴും അവധി ചോദിച്ചു നടക്കുന്ന തന്നെ സസ്പെൻഡ് ചെയ്യാതെ വല്ല പാവങ്ങളെയും പോയി സസ്പെൻഡ് ചെയ്യാനായിരുന്നു പരിഹാസം. കെഎസ്ആർടിസിയിലെ കൊണാണ്ടർമാർ എന്നു തുടങ്ങിയ അധിക്ഷേപങ്ങളും പോസ്റ്റിൽ ഉണ്ടായിരുന്നു. ഇതോടെയാണ് സംഭവം വലിയ വിവാദമായി മാറി.

എന്നാൽ, ഇതുകൊണ്ടൊന്നും കുലുക്കമില്ലെന്ന മട്ടിലാണ് വീണ്ടും ജയനാശാൻ കെഎസ്ആർടിസി അധികൃതർക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. തന്നോടു യാതൊരു വിശദീകരണം ചോദിക്കാതെയാണ് സസ്പെൻഡ് ചെയ്തതെന്നും താൻ യാത്രക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ആശാന്‍റെ വാദം.

വണ്ടിക്കു യാതൊരു കുഴപ്പമില്ലെന്നു ടെക്നീഷ്യൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അതിനു ശേഷവും തന്നെ സസ്പെൻഡ് ചെയ്ത പ്രകോപനത്തിലാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

മാത്രമല്ല, ഇൻഷ്വറൻസോ പൊല്യൂഷൻ സർട്ടിഫിക്കറ്റോ ടാക്സോ ഒന്നുമില്ലാത്ത ബസ് ഓടിക്കാൻ തന്‍റെ തലയിൽ കെട്ടിവച്ചു തന്ന കെഎസ്ആർടിസിയാണ് വലിയ കുറ്റം ചെയ്തിരിക്കുന്നത്. എന്നിട്ട് ഇല്ലാത്ത കുറ്റം ചുമത്തി തന്നെ സസ്പെൻഡ് ചെയ്തു.

ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം ഓടിക്കുന്നതു കുറ്റകൃത്യമായ നാട്ടിലാണ് അതൊന്നുമില്ലാത്ത ബസ് ഓടിക്കാൻ തന്നുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലൈസൻസ് റദ്ദാക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധമുണ്ട്. തന്‍റെ ബസിനെ താൻ എത്ര സ്നേഹിച്ചിരുന്നു എന്നറിയണേൽ തന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹ്യ മാധ്യമങ്ങളിൽ പാട്ടും കലാപരിപാടികളുമൊക്കെയായി നിറഞ്ഞുനിൽക്കുന്ന ജയനാശാൻ നേരത്തെ തന്നെ താരമാണ്. പുതിയ വിവാദം അദ്ദേഹത്തെ കൂടുതൽ “പ്രശസ്തൻ’ ആക്കിയിരിക്കുകയാണ്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News