രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകർത്ത എസ്എഫ് ഐ പ്രവർത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയിൽ നടത്തിയ ശേഷം പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

0

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകർത്ത എസ്എഫ് ഐ പ്രവർത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയിൽ നടത്തിയ ശേഷം പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

അക്രമത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സിപിഎം നേതൃത്വത്തിന്റെ ആശിർവാദത്തോടെയാണ് എസ്എഫ് ഐ അക്രമം നടത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തിയത് അതിന്റെ തെളിവാണ്.അക്രമത്തിന് പിന്നിൽ ഉന്നത സിപിഎം നേതൃത്വത്തിന്റെ കറുത്തകരങ്ങളുണ്ട്.ഈ ഹീനകൃത്യത്തിന് പിന്നിലെ ഗുഢാലോചന നിലവിലത്തെ സാഹചര്യത്തിൽ പൊലീസ് അന്വേഷണ പരിധിയിൽ വരാൻ സാധ്യതയില്ല.അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കുമെന്നും സുധാകരൻ പറഞ്ഞു.

അക്രമത്തിന് നിർദ്ദേശം നൽകിയ ശേഷം സിപിഎം ഇപ്പോൾ എസ്എഫ്ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള സ്വാഭാവിക നടപടിയും മാത്രമാണ്.സിപിഎം തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കുറ്റക്കാർക്കെതിരായ നിലവിലെ പൊലീസ് നടപടി. പ്രതിപട്ടികയിലുള്ളവരെ രക്ഷിക്കാൻ നിയമസഹായം ഉറപ്പാക്കിയ ശേഷമാണ് സിപിഎം അക്രമത്തെ അപലപിക്കുന്നത്. ആളെ കൊല്ലുകയും കൊന്നവർക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ പാരമ്പര്യമാണ്.ഓഫീസ് തല്ലിപൊളിച്ചപ്പോൾ കാഴ്‌ച്ചക്കാരായി നിന്ന് അക്രമികൾക്ക് സംരക്ഷണം ഒരുക്കിയ പൊലീസിന്റെ ഭാഗത്ത് നിന്ന് നിഷ്പക്ഷ അന്വേഷണം കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

സംഘപരിവാറിന്റെ കണ്ണിലെ കരടായ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി ബിജെപിയുടെ പ്രീതി സമ്പാദിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. കറൻസി കടത്തലിൽ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ ഈ അക്രമത്തിലൂടെ രാഷ്ട്രീയ നേട്ടം മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആണെന്ന് പകൽപോലെ വ്യക്തമാണ്.

ബഫർസോൺ വിഷയത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊതുജനത്തിന് ബോധ്യമായി. ഉചിതമായ നടപടി സ്വീകരിക്കേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബഫർസോണിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹർജി നൽകുന്നതിലും സർക്കാരിന് രണ്ട് പക്ഷമാണ്. നിയമനിർമ്മാണം ഉൾപ്പെടെയുള്ള സാധ്യതകളെ കുറിച്ച് സർക്കാർ ആലോചിക്കുന്നത് പോലുമില്ല.കർഷകരുടെയും മലയോര പ്രദേശവാസികളുടെയും ആശങ്ക പരിഗണിക്കാതെയാണ് എൽഡിഎഫ് മന്ത്രിസഭ ബഫർസോണിന് അനുകൂല തീരുമാനം എടുത്തത്.ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഇടപെടലുകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച് അവരുടെ ദുരിതത്തെ സിപിഎം ചൂഷണം ചെയ്യുകയാണെന്നും സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here