കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജ് അടച്ചു

0

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് താത്കാലികമായി അടച്ചു. ക്യാമ്പസിലെ വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോളജ് അടയ്ക്കാൻ തീരുമാനിച്ചത്. കോളജിനെ കഴിഞ്ഞ ദിവസം ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈൻ വഴിയാക്കി. ഹോസ്റ്റൽ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടുക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ സ്‌കൂളുകളുടെ കാര്യവും ചർച്ച ചെയ്യും. സാങ്കേതി വിദഗ്ധരുമായി കൂടി തീരുമാനിച്ച ശേഷം തീരുമാനം അറിയിക്കും.

കൂടാതെ പരീക്ഷ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷൻ എന്നിവയെ സംബന്ധിച്ചും തീരുമാനം നാളെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകൾ ഇപ്പോഴുള്ള പോലെ തുടരണോ അതല്ല, ബാച്ചുകളായി നടത്തണോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകസമിതി യോഗത്തിൽ ഒമിക്രോൺ ഭീഷണിയും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യവും ചർച്ച ചെയ്യും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യത്തിലും തീരുമാനം നാളത്തെ യോഗത്തിലുണ്ടാകും.

Leave a Reply