എരമംഗലം (മലപ്പുറം): പൊന്നാനി താലൂക്കിൽ കോവിഡ് വ്യാപിക്കുന്നു. ശനിയാഴ്ച കോവിഡ് പരിശോധനാഫലം പുറത്തുവന്നതിൽ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെയും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ വന്നേരി ഹയർസെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ 180 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബുധൻ മുതൽ വെള്ളി വരെ സ്കൂളുകളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനാഫലമാണ് ശനിയാഴ്ച പുറത്തുവന്നത്. മാറഞ്ചേരി സ്കൂളിൽ 363 പേരുടെ സാമ്പിൾ പരിശോധനയ്ക്കെടുത്തതിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ 93 വിദ്യാർഥികൾക്കും ഹൈസ്കൂൾ വിഭാഗത്തിലെ ഒരു വിദ്യാർഥിക്കും സ്കൂളിലെ ഒരു അധ്യാപകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വന്നേരി സ്കൂളിൽ 289 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഹൈസ്കൂൾ വിഭാഗത്തിലെ 67 വിദ്യാർഥികൾക്കും ഹയർസെക്കൻഡറി വിഭാഗത്തിലെ 15 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപുറമെ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ 324 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ രണ്ടു ജനപ്രതിനിധികളുൾപ്പെടെ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരു ജനപ്രതിനിധി ഒരാഴ്ചമുമ്പ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. വെളിയങ്കോട് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പ്രവാസികൾ നേരത്തേ വിദേശത്തുനിന്ന് കോവിഡ് വക്സിൻ എടുത്തവരാണ്.
വന്നേരി, മാറഞ്ചേരി സ്കൂളുകളിൽമാത്രം ഒരാഴ്ചയ്ക്കിടെ വിദ്യാർഥികളും അധ്യാപകരുമടക്കം 440 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിൽ കോവിഡ് വ്യാപനം പെരുകുമ്പോഴും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതർക്കാകുന്നില്ല. രണ്ടുദിവസം മുമ്പ് വെളിയങ്കോട് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി ആയിരങ്ങളാണ് സംഗമിച്ചത്.
English summary
Kovid to 180 students and teachers at Vannery Higher Secondary School; Kovid spreads in Ponnani taluk