സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം

0

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരത്ത് രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 22 പിന്നിട്ടു. എറണാകുളത്തും കോഴിക്കോടും തൃശൂരും 15ന് മുകളിലാണ് ടിപിആർ. രോഗവ്യാപനം ഉയരുമ്പോഴും സര്‍ക്കാര്‍–രാഷ്ട്രീയ പരിപാടികളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല. നിയന്ത്രണ ലംഘനങ്ങളില്‍ പൊലീസും കണ്ണടയ്ക്കുകയാണ്.
സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറുകയാണ് തലസ്ഥാന ജില്ല. ഇന്നലെ 2200 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ടിപിആർ 22.4 ശതമാനമാണ്. മൂന്ന് ദിവസം കൊണ്ട് 200 ശതമാനം വര്‍ധനയാണ് ടിപിആറിലുണ്ടായത്. അതനുസരിച്ച് മെഡിക്കല്‍ കോളജിലും രോഗികള്‍ കൂടിത്തുടങ്ങി. തലസ്ഥാനം കഴിഞ്ഞാല്‍ എറണാകുളത്താണ് രോഗവ്യാപനം കൂടുതല്‍. ടിപിആര്‍ 17.11 ആണ്.

ടിപിആര്‍ 15 പിന്നിട്ട കോഴിക്കോടും തൃശൂരും അതിജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രോഗവ്യാപനം ഏറ്റവും കൂടിയ തിരുവനന്തപുരത്ത് ഇന്നലെ മൂന്ന് മന്ത്രിമാര്‍ പങ്കെടുത്ത് നടത്തിയ സര്‍ക്കാര്‍ പരിപാടികളിൽ അകലമോ നിയന്ത്രണമോ പേരിന് പോലുമുണ്ടായിരുന്നില്ല.

അതീവശ്രദ്ധ വേണ്ട ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ച് സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിപാടിയിലും നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി. ഇവിടെയെല്ലാം നോക്കുകുത്തിയായി പൊലീസുമുണ്ട്. അവലോകന യോഗങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാന്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

Leave a Reply