തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം തുടരുന്നതിനിടെ ഇന്ന് അവലോകനയോഗം ചേരും. കൂടുതല്‍ ഇളവുകള്‍ക്കോ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കോ സാധ്യതയില്ലെന്നാണു സൂചന. രണ്ടു ഞായറാഴ്ചകളിലേക്ക് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്നലെയോടെ അവസാനിച്ചു. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഇന്ന് ആരംഭിക്കുകയാണ്. 10 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ അധ്യയനം തുടരും. ഞായറാഴ്ച നിയന്ത്രണം ഇനി വേണോ എന്നു പിന്നീടു തീരുമാനിക്കും.
സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും തുടര്‍ന്ന് രോഗബാധ കുറഞ്ഞുതുടങ്ങുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. കോവിഡ് കേസുകളുടെ പ്രതിവാര വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായത് ആശ്വാസകരമാണ്. കേസുകളില്‍ നല്ല കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മൂന്നാം തരംഗ ആശങ്കയ്ക്കു തുടക്കമിട്ട തിരുവനന്തപുരത്ത് കുതിച്ചുയര്‍ന്ന കേസുകള്‍ കുറഞ്ഞുതുടങ്ങി. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നു. തിരുവനന്തപുരം പാരമ്യഘട്ടം പിന്നിട്ടെന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. എറണാകുളത്തും ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ജില്ലകളിലും കോവിഡ് പാരമ്യഘട്ടത്തിലെത്തുന്നതു വലിയ വെല്ലുവിളിയാകും. സി.എഫ്.എല്‍.ടി.സി. പോലുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുന്നതും താഴേത്തട്ടിലെ ഏകോപനവുമാണു കടമ്പയാകുന്നത്.