Saturday, May 15, 2021

പെരുമ്പാവൂരിൽ കോവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി; സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിയെന്ന് ആക്ഷേപം; ശമ്പളം നൽകാൻ പണമില്ലെന്ന് വിശദീകരണം

Must Read

പെരുമ്പാവൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ പെരുമ്പാവൂരിൽ കൂടിയാലോചകള്‍ ഇല്ലാതെ ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി. ഇ.എം.എസ് ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററാണ് കുറച്ചു ദിവസം മുമ്പ് അടച്ചു പൂട്ടിയത്.

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോളാണ് അടച്ചു പൂട്ടിയതെന്നാണ് വിശദീകരണം. എന്നാൽസ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പെരുമ്പാവൂരിലെ സെന്റര്‍ അടച്ചു പൂട്ടിയതെന്ന ആക്ഷേപമുയരുന്നുണ്ട്. പ്രാഥമിക ചികില്‍സക്ക് പോലും ആയിരങ്ങളാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. മെച്ചപ്പെട്ട ചികില്‍സക്ക് ആലുവ എറണാകുളം തുടങ്ങിയ പട്ടണങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ ലക്ഷങ്ങള്‍ മുടക്കേണ്ട ഗതികേടിലാണ്. ഇത്തരം ആശുപത്രികളില്‍ പോലും കട്ടിലുകള്‍ ഒഴിവില്ലാത്ത സ്ഥിതിയാണ്.

മേഖലയിലെ നൂറോളം രോഗികള്‍ക്ക് ചികില്‍സ ലഭിക്കേണ്ട സാഹചര്യം നിലനില്‍ക്കെയാണ് സെന്റര്‍ അടച്ചു പൂട്ടിയത്. പ്രകടമായ ലക്ഷണങ്ങളുള്ള പലരും ഇപ്പോള്‍ ചികില്‍സ തേടുന്നത് സ്വകാര്യ ആശുപത്രികളിലാണ്. ഒന്നാം ഘട്ടത്തില്‍ നിരവധി പേര്‍ പ്രാഥമിക ചികില്‍സ തേടി സുഖം പ്രാപിച്ച സംവിധാനമാണ് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ രണ്ടാം ഘട്ടം രൂക്ഷമായ സാഹചര്യത്തില്‍ അടച്ചു പൂട്ടിയത്. സമീപത്തെ ചില പഞ്ചായത്തുകളിലും കോതമംഗലം ഉള്‍പ്പെടെയുള്ള നഗരസഭകളിലും സെന്ററുകളുടെ പ്രവര്‍ത്തനം മുടക്കമില്ലാതെ നടന്നുവരുന്നു.

കഴിഞ്ഞ ദിവസം രോഗ ബാധിതയായ സ്ത്രീയെ വിദഗ്ധ ചികില്‍സക്ക് ആലുവക്ക് അയച്ചിട്ട് പ്രവേശനം ലഭിച്ചില്ല. മണിക്കൂറുകളോളം ആംബുലന്‍സില്‍ ചികില്‍സ ഒരുക്കിയ ശേഷമാണ് അവരെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായത്. കോവിഡ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം നഗരസഭയില്‍ കൂടിയാലോചന യോഗം ചേര്‍ന്നിരുന്നു. വാക്‌സിനേഷന്‍ സൗകര്യം വര്‍ധിപ്പിക്കാനും ബോധവത്കരണം ശക്തമാക്കാനും തീരുമാനിച്ചെങ്കിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടിള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ഔദ്യോഗികമായി ഉണ്ടായില്ല. രോഗ വ്യാപനം ഭീഷണിയാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്ന ആവശ്യം ശക്തമാണ്.

English summary

Kovid First Line Treatment Center in Perumbavoor closed;

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News