Friday, May 14, 2021

കോവിഡ് 19 :
തോട്ടം മേഖലയ്ക്കായി തൊഴില്‍വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Must Read

സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് തോട്ടം മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
ഇതനുസരിച്ച് കോവിഡ്-19 തീവ്രസാമൂഹിക വ്യാപനം തടയുന്നതിന് മാസ്സ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതിന്റെ സാദ്ധ്യത തോട്ടം മാനേജ്‌മെന്റുകള്‍ പരിശോധിച്ച് നടപ്പിലാക്കണം.വാക്‌സിനേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് www.cowin.gov.in വെബ്‌സൈറ്റില്‍ തോട്ടം തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുളള സഹായം മാനേജ്‌മെന്റുകള്‍ നിര്‍വഹിക്കണം.അതിഥി തൊഴിലാളികളെ തോട്ടങ്ങളില്‍ തന്നെ നിലനിര്‍ത്തുകയും വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തണം.അതത് എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ചുവെന്ന് മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം.
ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ തോട്ടം വിട്ട് പുറത്തുപോകുന്നത് നിരുത്സാഹപ്പെടുത്തണം. മസ്റ്ററിംഗ്, ശമ്പളവിതരണം, തേയിലയുടെ തൂക്കം നിര്‍ണ്ണയിക്കല്‍ എന്നിവ നടത്തുമ്പോള്‍ തോട്ടം തൊഴിലാളികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കക്കണം. ഇതിനുള്ള ക്രമീകരണങ്ങള്‍ മാനേജ്‌മെന്റ് നടപ്പില്‍ വരുത്തുകയും സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.തോട്ടങ്ങളിലെ കന്റീനുകള്‍, ക്രഷുകള്‍ എന്നിവിടങ്ങളില്‍ സോപ്പ്, വെളളം, സാനിറ്റൈസര്‍ എന്നിവയുടെ മതിയായ അളവിലുളള ലഭ്യത എസ്റ്റേറ്റ് മാനേജ്‌മെന്റ് ഉറപ്പുവരുത്തേണ്ടതാണ്.ലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും, വായു സഞ്ചാരം ഉറപ്പുവരുത്തേണ്ടതുമാണ്.
വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തോട്ടങ്ങളില്‍ വരുന്നതും തോട്ടം തൊഴിലാളികള്‍ ഇവരുമായി അടുത്തിടപെഴകുന്നതിനുളള സാഹചര്യം കര്‍ശനമായും ഒഴിവാക്കുകയും വേണം.തൊഴിലാളികളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളി യൂണിയനുകള്‍ പിന്‍മാറണം.തോട്ടങ്ങളിലെ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.കോവിഡ് 19-മായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് മാനേജ്‌മെന്റ് ഉറപ്പുവരുത്തേണ്ടതാണ്.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികളുടെ മാതൃഭാഷയില്‍ എഴുതി തയ്യാറാക്കി തോട്ടങ്ങളില്‍ ശ്രദ്ധേയമായ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഉച്ചഭാഷിണി ഉപയോഗിച്ച് കൊവിഡ് സംബന്ധിച്ച പ്രചാരണം നടത്തണം.തോട്ടം തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മറ്റുളളവര്‍ ഉപയോഗിക്കുന്ന സാധനങ്ങളും, സ്ഥലങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പും സോപ്പ് ഉപയോഗിച്ച് കൈകളും, നഖങ്ങളും ശുചിയാക്കേണ്ടതും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമാണ്.
വ്യക്തി ശുചിത്വം പാലിക്കേണ്ടത് സംബന്ധിച്ചും, കോവിഡ് 19 നെക്കുറിച്ചും വേണ്ട അവബോധം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുവാന്‍ മാനേജ്‌മെന്റ് ശ്രമിക്കേണ്ടതാണ്.രോഗലക്ഷണമുളളവര്‍ അവരവരുടെ വാസസ്ഥലങ്ങളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശിക്കണം.അവര്‍ ഉടനടി വൈദ്യസഹായം തേടേണ്ടതുമാണ്.പനി ബാധിതരായ തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലും ആരോഗ്യവകുപ്പിലും ഉടനടി അറിയിക്കാന്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കുകയും വേണം.

English summery

Kovid 19:
The Department of Labor has issued guidelines for the plantation sector

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News