65-ാം വയസ്സില്‍ കോട്ടയത്തെ ഇരട്ടത്തുരങ്കം അടഞ്ഞു; ഇരുട്ടിലൂടെ ട്രെയിൻ ഓട്ടം നിലച്ചപ്പോൾ ചരിത്ര യാത്രയുടെ ദൃശ്യങ്ങള്‍ പകർത്തി യാത്രക്കാർ

0

കോട്ടയം: മുട്ടമ്പലം ലെവല്‍ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അല്‍പ്പനേരം ഇരുട്ടിലാക്കുന്ന തുരങ്കയാത്ര ഇനി ഓര്‍മ. കോട്ടയം റെയില്‍വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം അവസാനിച്ചു. ബുധനാഴ്ച രാത്രി 11.20നു തിരുനെൽവേലിയിൽ നിന്ന് ഓടിത്തുടങ്ങിയ പാലരുവി എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണു വ്യാഴാഴ്ച രാവിലെ കോട്ടയം സ്റ്റേഷന് അടുത്തെത്തിയത്.

കൊടൂരാർ പാലം കടന്നു മുട്ടമ്പലം ഗേറ്റ് വഴി മെല്ലെ ഒഴുകിവന്ന പാലരുവി ഹോൺ നീട്ടിയടിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപത്തെ തുരങ്കത്തിലേക്കു കയറിയപ്പോൾ ആരോ ഒന്നു നീട്ടിക്കൂവി. പ്ലാന്റേഷൻ ഓഫിസിനും റബർ ബോർഡ് തുരങ്കത്തിനും ഇടയിലൂടെ ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ മഴമേഘങ്ങൾക്കിടയിൽ ചെറിയൊരു മഴവില്ല് തെളിഞ്ഞു. ഇതു ചരിത്ര യാത്രയെന്ന് അറിയാവുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ വിഡിയോ മോഡിൽ പുറത്തേക്കു നീണ്ടുനിന്നു.

ഇരുളും വെളിച്ചവും ഇടകലരുന്ന ഫ്രെയിം ആ മൊബൈൽ ഫോണുകളിൽ കയറി. ഒരു പാസഞ്ചർ ട്രെയിനിൽ ഇനി കോട്ടയത്തെ ഈ ഇരുളും വെളിച്ചവും അനുഭവിക്കാൻ കഴിയില്ലല്ലോ എന്നോർത്ത് ഗൃഹാതുരസ്മൃതിയുടെ ആ വിഡിയോകൾ മൊബൈലിൽ അപ്‌ലോ‍ഡ് ആയി. കോട്ടയത്തെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരെ ഇറക്കിക്കയറ്റി പാലരുവി പാലക്കാട്ടേക്കു യാത്ര പുറപ്പെട്ടു, ചരിത്രം മറഞ്ഞ വഴി താണ്ടി.
65 വർഷം മുൻപു കോട്ടയത്തു നിർമിച്ച തുരങ്കങ്ങൾ റെയിൽവേ നിർമിതിയുടെ അക്കാലത്തെ സവിശേഷക്കാഴ്ചയായിരുന്നു. കുന്നു വെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചു റെയിൽപാളം സ്ഥാപിക്കുകയും ഇതിനു മുകളിൽ കോൺക്രീറ്റ് ഉപയോഗിച്ചു തുരങ്കം നിർമിച്ച ശേഷം ചുറ്റും മണ്ണിട്ടു നിറയ്ക്കുകയും ചെയ്യുകയായിരുന്നു. കട്ട് ആൻഡ് ഫിൽ രീതി എന്നാണ് ഇതിനു പേര്. മുകളിൽ പാലവും പണിതു.
നിർമാണസമയത്തു മണ്ണിടിഞ്ഞുവീണ് അപകടമുണ്ടാകുകയും 6 പേർ മരിക്കുകയും ചെയ്തതു കോട്ടയത്തെ നടുക്കി. 1957 ഒക്ടോബർ 20 ഞായറാഴ്ചയാണ് അപകടം നടന്നത്. കെകെ റോഡിൽ 54 അടി താഴ്ചയിൽ തുരങ്കം നിർമിക്കുന്നതിനായി മണ്ണിടിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. അസിസ്റ്റന്റ് ഇൻസ്പെക്ടർ മുഹമ്മദിന്റെ നേതൃത്വത്തിൽ 11 തൊഴിലാളികളാണ് ഈ സമയം ജോലി ചെയ്തിരുന്നത്.
തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പി കെട്ടുന്ന ജോലികൾ ചെയ്യുകയായിരുന്നു തൊഴിലാളികൾ. ഉച്ചയ്ക്ക് 12 കഴിഞ്ഞ് ഏതാനും മിനിറ്റിനു ശേഷം 30 അടി ഉയരത്തിൽ നിന്നു തൊഴിലാളികൾക്കു മീതെ മണ്ണും വലിയ കല്ലുകളും അടർന്നുവീണു. നിലവിളിക്കാൻ പോലും കഴിയുന്നതിനു മുൻപ് ഇവർ മണ്ണിനടിയിലായി.

11 പേർ മണ്ണിനടിയിൽപെട്ടു. 5 പേരെ പുറത്തെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 6 മൃതദേഹങ്ങളും കണ്ടെത്തി. 2 ദിവസം മുൻപു പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിനിന്ന് ഉറപ്പില്ലാത്ത ഭാഗം അടർന്നുവീഴുകയായിരുന്നു. മരിച്ചവരുടെ ഓർമയ്ക്കായി സ്മാരകസ്തൂപം സ്ഥാപിച്ചു. കെ.കെ.ഗോപാലൻ, കെ.എസ്.പരമേശ്വരൻ, വി.കെ.കുഞ്ഞുകുഞ്ഞ്, കൃഷ്ണൻ ആചാരി, കെ.രാഘവൻ, ആർ. ബാലൻ എന്നിവരുടെ പേരുകൾ ഈ സ്തൂപത്തിൽ കൊത്തിവച്ചിരുന്നു.
പാതയിരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായി കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷൻ മേൽപാലം പൊളിച്ചു പണിയുന്നതു വരെ വലിയ കല്ലിൽ കൊത്തിവച്ച സ്തൂപം മേൽപാലത്തിനു സമീപം ഉണ്ടായിരുന്നു. കെകെ റോഡിൽ കൂടി യാത്ര ചെയ്യുന്നവർക്കു കാണാനാകുന്ന വിധമാണു സ്തൂപം സ്ഥാപിച്ചിരുന്നത്. പാലം പൊളിച്ചു പണിഞ്ഞപ്പോൾ ഈ സ്തൂപം ഇവിടെ നിന്നു മാറ്റി. പുതിയ പാലം നിർമിക്കുമ്പോൾ ഇവിടെ തിരികെ സ്ഥാപിക്കും എന്നായിരുന്നു റെയിൽവേ അറിയിച്ചത്.

എന്നാൽ പാലം നിർമിക്കുന്ന സമയത്ത് സ്തൂപം ഇവിടെ നിന്ന് ഒഴിവാക്കി. അങ്ങനെ ഓർമകൾ പോലും ശേഷിപ്പിക്കാതെ തുരങ്കത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ റെയിൽവേ മറന്നു.
6 തവണ തുരങ്കഭാഗങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായി. കോവി‍ഡ് പ്രതിസന്ധി, ലോക്ഡൗൺ, കാലവർഷം എന്നിവയും ജോലികളെ ബാധിച്ചു. നിർമാണസ്ഥലത്തെ ശക്തമായ ഉറവയും ജോലികളെ ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here