കൊല്ലത്തെ യുവതിയുടെ ആത്മഹത്യ; ‘ഭര്‍തൃവീട്ടില്‍ പീഡനം

0

കൊല്ലം: കിഴക്കേകല്ലടയിൽ ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ ചെയ്തു. എഴുകോൺ കടയ്ക്കോട് സ്വദേശി സുവ്യ എ എസ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ അമ്മയും സുവ്യയും തമ്മില്‍ ഇന്നലെ രാവിലെയും വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയില്‍ കയറി സുവ്യ വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് സുവ്യയെ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയത്. അതിനിടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനം സുവ്യ വിവരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.

മരണത്തിന് മുമ്പ് സുവ്യ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത ഓഡിയോയാണിത്. ഭര്‍തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയില്‍ നിന്ന് മാനസിക പീഡനമുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല. എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്‍റെ അമ്മയാണെന്നും ഓഡിയോയില്‍ സുവ്യ പറയുന്നുണ്ട്. സുവ്യയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ അമ്മയ്ക്കും എതിരെ ചുമത്തും.

Leave a Reply